കൊല്‍ക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ശക്തമായതിനെ തുടര്‍ന്ന് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ മല്‍സരങ്ങള്‍ മാറ്റിവെച്ചു. ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ ആണ് മാറ്റിവെച്ചത്. ജനുവരിയില്‍ മിസോറാമില്‍ നടക്കേണ്ട മല്‍സരങ്ങളാണ് മാറ്റിവെച്ചത്. ഏപ്രില്‍ മാസത്തില്‍ മല്‍സരങ്ങള്‍ നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജനുവരി 10 മുതല്‍ 23വരെയാണ് ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ നടക്കേണ്ടിയിരുന്നത്.

അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ പ്രതിഷേധം രൂക്ഷമായി തുടരുന്ന മിസോറാമില്‍ നിന്നും സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ മാറ്റുന്നതിനെക്കുറിച്ച്‌ ആലോചന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫൈനല്‍ റൗണ്ട് മല്‍സരങ്ങള്‍ മാറ്റിവെച്ചത്.

മാറ്റിവെച്ച മല്‍സരങ്ങള്‍ മിസോറാമില്‍ വെച്ച്‌ തന്നെയാകും നടക്കുക. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ പ്രതിഷേധം രൂക്ഷമായതിനെ തുടര്‍ന്ന് ഐഎസ്‌എല്ലിലെ ചില മല്‍സരങ്ങളും മാറ്റിവെച്ചിരുന്നു.