കൊല്ലം: കോടതികളില്‍നിന്നുള്ള സമന്‍സ് ഇനി വാട്സാപ്പിലൂടെയും കൈമാറാം. കോടതിനടപടി അറിയിക്കാനും സമന്‍സ് കൈമാറാനും സാമൂഹികമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിക്കാന്‍ തീരുമാനമായി. സംസ്ഥാന കോര്‍ട്ട് മാനേജ്‌മെന്റ് സിസ്റ്റം കമ്മിറ്റിയുടെയാണ് ഈ തീരുമാനം. ഹൈക്കോടതി ജഡ്ജിമാരും രജിസ്ട്രാറും ഡി.ജി.പിയും ആഭ്യന്തരവകുപ്പിലെയും ഹൈക്കോടതിയിലെയും ഉന്നത ഉദ്യോഗസ്ഥരും ജില്ലാ ജഡ്ജിമാരുമടങ്ങുന്നതാണ് ഈ സമിതി.

മേല്‍വിലാസങ്ങളിലെ പ്രശ്നങ്ങളും ആളില്ലാതെ സമന്‍സ് മടങ്ങുന്ന പ്രശ്നങ്ങളും സമയനഷ്ടങ്ങളുമെല്ലാം ഇതുവഴി പരിഹരിക്കാനാവും. വാട്സാപ്പിനുപുറമേ, എസ്.എം.എസ്., ഇ-മെയില്‍ എന്നിവ വഴിയും നടപടി നടത്താം. ഇതിന് ക്രിമിനല്‍ നടപടിചട്ടം 62-ാം വകുപ്പ് ഭേദഗതി ചെയ്യേണ്ടിവരും. ഇത് ഹൈക്കോടതി സര്‍ക്കാരിനെ അറിയിക്കും. വാദികളുടെയും പ്രതികളുടെയും മൊബൈല്‍ നമ്ബറും ഇനി കേസിനൊപ്പം ഉണ്ടാവും.

കോടതികളില്‍ തീര്‍പ്പാക്കാതെ കിടക്കുന്ന കേസുകള്‍ വേഗംതീര്‍പ്പാക്കാന്‍ ജില്ലാകളക്ടര്‍മാരെക്കൂടി പങ്കാളിയാക്കാനും തീരുമാനിച്ചു. പഴയകേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ എല്ലാമാസവും ജില്ലാ ജഡ്ജിയും കളക്ടറും ജില്ലാ പോലീസ് മേധാവിയും യോഗം ചേരും. കളക്ടര്‍മാരും ജില്ലാ പോലീസ് മേധാവിയും യോഗത്തിന് എത്തുമെന്ന് സംസ്ഥാന സര്‍ക്കാരും ഡി.ജി.പിയും ഉറപ്പാക്കും.

രണ്ടുവര്‍ഷമെങ്കിലുമായ പെറ്റിക്കേസുകള്‍ കളക്ടര്‍, ജില്ലാ പോലീസ് മേധാവി, ജില്ലാ ജഡ്ജി എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകയോഗം ചേര്‍ന്ന് വേഗം തീര്‍പ്പാക്കും. രണ്ടുവര്‍ഷത്തിനിടയില്‍ പലവട്ടം വാറന്റ് ഇറക്കിയിട്ടും കോടതിയില്‍ ഹാജരാകാത്തവരുടെ വിവരങ്ങള്‍ ജനുവരി 31-നകം ജില്ലാ പോലീസ് മേധാവിമാര്‍ക്ക് കൈമാറാനും തീരുമാനിച്ചു.

തീര്‍പ്പാകാതെ 12 ലക്ഷം കേസുകള്‍

കേരളത്തില്‍ മൊത്തം തീര്‍പ്പാക്കാതെ 12,77,325 കേസുകളാണുള്ളത്. ഇതില്‍ 3,96,889 എണ്ണം സിവില്‍ കേസും 8,80,436 ക്രിമിനല്‍ കേസുകളുമാണ്. ഹൈക്കോടതിയിലെ കണക്ക് ഇതില്‍ ഉള്‍പ്പെട്ടിട്ടില്ല.