സ്വവര്‍ഗ്ഗപ്രേമം തികച്ചും സാധാരണ കാര്യം മാത്രമാണെന്ന് നിലപാട് സ്വീകരിച്ച്‌ ജര്‍മ്മന്‍ ബിഷപ്പുമാര്‍. ലിംഗനീതി സംബന്ധിച്ച പ്രബോധനങ്ങളില്‍ മാറ്റം വരുത്താന്‍ രാജ്യത്തെ കത്തോലിക്കാ സഭ തയ്യാറെടുക്കുമ്ബോഴാണ് ഈ നിലപാട് മാറ്റം. സ്വവര്‍ഗ്ഗപ്രേമി എന്നത് മനുഷ്യ ലൈംഗിക വ്യക്തിത്വത്തിലെ സാധാരണ അവസ്ഥയാണെന്ന് ബെര്‍ലിനില്‍ നടന്ന ചര്‍ച്ചകളില്‍ മാര്യേജ് & ഫാമിലി കമ്മീഷന്‍ ചെയര്‍മാന്‍ വിശദീകരിച്ചിരുന്നു.

ദേശീയ തലത്തില്‍ പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്ന സിനഡ് നടപടിക്രമങ്ങള്‍ നടത്താന്‍ ഒരുങ്ങുകയാണ് ജര്‍മ്മനി. ഇതിനെതിരെ വത്തിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒരു വ്യക്തിയുടെ ലൈംഗിക വ്യക്തിത്വം സ്വാഭാവികമായി തീരുമാനിക്കപ്പെടുന്നതാണെന്ന് ബെര്‍ലിന്‍ ആര്‍ച്ച്‌ബിഷപ്പ് ഹെയിനര്‍ കോച്ച്‌ വ്യക്തമാക്കി. അത് സാമൂഹിക ഇടപെടല്‍ കൊണ്ട് മാറുന്നതല്ലെന്നാണ് ആര്‍ച്ച്‌ബിഷപ്പിന്റെ വാദം.

പുതിയ ശാസ്ത്രീയ വശങ്ങള്‍ പരിശോധിച്ചാണ് വിഷയത്തില്‍ സഭ നിലപാട് സ്വീകരിക്കുക. ലൈംഗിക രീതികള്‍ മാറ്റത്തിന് വിധേയമല്ലെന്നാണ് വത്തിക്കാന്‍ ഇപ്പോഴും നിലപാട് സ്വീകരിക്കുന്നത്. എന്നാല്‍ സ്വവര്‍ഗ്ഗപ്രേമികളായവര്‍ക്ക് എതിരെ ഏതെങ്കിലും തരത്തിലുള്ള വിവേചനം അരുതെന്നും പോപ്പ് ഫ്രാന്‍സിസിന്റെ അമോറിസ് ലായേഷ്യ വിധിക്കുന്നു.

സ്വവര്‍ഗ്ഗപ്രേമം സ്വാഭാവികമാണെന്നും അംഗീകരിക്കണമെന്നുമുള്ള വാദങ്ങള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉയരുമ്ബോഴും വത്തിക്കാന്‍ ഇതിന് തയ്യാറായിട്ടില്ല. ഈ ഘട്ടത്തിലാണ് ജര്‍മ്മനി സവിശേഷമായി ഇതിന് വിരുദ്ധമായ നിലപാട് സ്വീകരിക്കാന്‍ ഒരുങ്ങുന്നത്.