ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ മീററ്റ് ജയിലിലെ ആരാച്ചാര്‍ പവന്‍ ജല്ലാദ് റെഡി. ശിക്ഷ നടപ്പാക്കാന്‍ രണ്ട് ആരാച്ചാര്‍മാരെ തിഹാര്‍ ജയിലിലേക്ക് അയയ്ക്കുമെന്നു യുപി എഡിജിപി ആനന്ദ് കുമാര്‍ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. ഇതിലൊരാള്‍ പവന്‍ ജല്ലാദായിരിക്കുമെന്നാണു സൂചനയെങ്കിലും അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നാണു മീററ്റ് ജയില്‍ അധികൃതരുടെ വിശദീകരണം. . ഇന്ദിരാഗാന്ധി വധക്കേസ് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയ കല്ലു ജല്ലാദിന്റെ ചെറുമകനാണു പവന്‍.

കൊടുംകുറ്റവാളികളായ രംഗ, ബില്ല എന്നിവരുടെ വധശിക്ഷ നടപ്പാക്കിയതും കല്ലു ജല്ലാദാണ്. 5 വധശിക്ഷകളില്‍ മുത്തച്ഛനൊപ്പം താന്‍ സഹായിയായിരുന്നെന്നും പവന്‍ അവകാശപ്പെടുന്നു. പവന്റെ പിതാവ് ബബ്ബുവും ആരാച്ചാരായിരുന്നു. നിര്‍ഭയ കേസിലെ 4 പ്രതികള്‍ ഉള്‍പ്പെടെ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട 12 പേര്‍ ഇപ്പോള്‍ തിഹാര്‍ ജയിലിലുണ്ട്. എന്നാല്‍ തിഹാര്‍ ജയിലില്‍ ഔദ്യോഗിക ആരാച്ചാരില്ല.