ന്യൂഡല്‍ഹി: ‘പെണ്‍കുട്ടികളോട് മോശമായ പെരുമാറില്ല’ ആണ്‍കുട്ടികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിച്ച്‌ സ്‌കൂള്‍ വിദ്യാഭ്യാസ സമ്ബ്രദായത്തില്‍ നവീനമായ പദ്ധതിയവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കെജരിവാള്‍ സര്‍ക്കാര്‍. രാജ്യത്ത് സ്ത്രീകളോടുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സ്‌കൂള്‍ തലം മുതല്‍ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

‘പെണ്‍കുട്ടികളോട് ഒരിക്കലും മോശമായി പെരുമാറില്ലെന്ന് പ്രൈവറ്റ് സ്‌കൂളുകളിലെ ആണ്‍കുട്ടികളെ കൊണ്ട് പ്രതിജ്ഞയെടുപ്പിക്കാനാണ് ഞാനും ഉപമുഖ്യമന്ത്രിയായ മനീഷ് സിസോദിയയും തീരുമാനത്തിലെത്തിയത്’, ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കെജരിവാള്‍ പറഞ്ഞു.

ആണ്‍കുട്ടികളില്‍ ധാര്‍മ്മികതാ ബോധം വളര്‍ത്താന്‍ നാം ബോധപൂര്‍വ്വം ഇടപെടേണ്ടതുണ്ട്. മോശം പെരുമാറ്റത്തിന് അവരെ അനുവദിക്കരുതെന്നും അദ്ദേഹം പറയുന്നു. സ്ത്രീകളുടെ സുരക്ഷയ്ക്കായി ഡല്‍ഹിയിലെ മുക്കിലും മൂലകളിലുമായി മൂന്ന് ലക്ഷം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

കെജരിവാളിന്റെ വാക്കുകള്‍;

ആണ്‍കുട്ടികളെ സ്വകാര്യ സ്‌കൂളുകളില്‍ അയക്കുകയും പെണ്‍കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ അയക്കുകയും ചെയ്യുന്ന ഒരുപാട് കുടുംബങ്ങളെ ഞാന്‍ കണ്ടിരുന്നു. തങ്ങളുടെ വിദ്യാഭ്യാസത്തിനു പ്രാധാന്യമില്ലെന്ന് ചിന്തിച്ച്‌ അപകര്‍ഷതാ ബോധം വെച്ചു പുലര്‍ത്തുകയാണ് ആ പെണ്‍കുട്ടികള്‍. എന്നാല്‍ സര്‍ക്കാര്‍ സ്‌കൂളുകളിലുണ്ടായ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ശേഷം സഹോദരന്‍മാരുടെ കണ്ണുകളിലേക്ക് നോക്കുമ്ബോള്‍ തങ്ങള്‍ തുല്യരെന്ന് തോന്നിത്തുടങ്ങിയെന്നാണ് പെണ്‍കുട്ടികള്‍ ഇപ്പോള്‍ പറയുന്നത്.

സഹോദരന്‍മാര്‍ പഠിക്കുന്ന സ്‌കൂളുകളിലേതു പോലുള്ള നീന്തല്‍ക്കുളങ്ങള്‍ ഇപ്പോള്‍ പെണ്‍കുട്ടികള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളുകളിലുമുണ്ട്. ഇത് പെണ്‍കുട്ടികളുടെ തലമുറയ്ക്ക് ആത്മവിശ്വാസം നല്‍കുകയാണ്. ആണ്‍കുട്ടികളില്‍ ധാര്‍മ്മികതാ ബോധം വളര്‍ത്താന്‍ നാം ബോധപൂര്‍വ്വം ഇടപെടേണ്ടതുണ്ട്. മോശം പെരുമാറ്റത്തിന് അവരെ അനുവദിക്കരുത്. ഒരു കാരണവശാലും പെണ്‍കുട്ടികളോട് മോശമായി പെരുമാറരുതെന്ന് നാം അവരെ പഠിപ്പിക്കേണ്ടതുണ്ട്. പെണ്‍കുട്ടികളോട് മോശമായി പെരുമാറുകയാണെങ്കില്‍ വീട്ടില്‍ കയറ്റില്ലെന്ന് ആണ്‍കുട്ടികളോട് രക്ഷിതാക്കള്‍ക്ക് പറയാന്‍ കഴിയണമെന്നും അത്തരത്തിലുള്ള സംവാദങ്ങളില്‍ ആണ്‍മക്കളുമായി വീട്ടുകാര്‍ ഏര്‍പ്പെടണം.