കോഴിക്കോട് : മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ പൊലീസ് പിടിയിലായ സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബ്, താഹാ ഫസല്‍ എന്നിവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ച്‌ സിപിഎം. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിച്ച കാനം രാജേന്ദ്രനെ കടുത്ത ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു.

പന്നിയങ്കരയില്‍ നടത്തിയ വിശദീകരണ യോഗത്തിലാണ് സിപിഎം കടുത്ത വിമര്‍ശനം ഉയര്‍ത്തിയിരിക്കുന്നത്. സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി.കെ. പ്രേംനാഥായിരുന്നു പ്രധാനമായും വിമര്‍ശനം ഉന്നയിച്ചത്. രാജന്‍ കേസില്‍ ഈച്ചരവാര്യരോട് അനീതി കാട്ടിയ സിപിഐക്ക് മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിക്കാന്‍ എന്ത് അര്‍ഹതയാണുള്ളതെന്നും സിപിഎം ചോദിക്കുന്നു.

അലനും താഹയ്ക്കും മാവോയിസ്റ്റ് ബന്ധം ഉണ്ടെന്നതിന്റെ വ്യക്തമായ തെളിവുകളുണ്ടെന്നും സിപിഎം വ്യക്തമാക്കി. തെളിവുകള്‍ പൊലീസ് സൃഷ്ടിച്ചതല്ലെന്നും അവരുടെ വീടുകളില്‍ നിന്ന് കണ്ടെത്തിയതാണെന്നും പാര്‍ട്ടി പറയുന്നു. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം സ്വയം വിളിച്ചതാണ് അല്ലാതെ പൊലീസ് വിളിപ്പിച്ചതല്ല. ഇവരുടെ വീടുകളില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ ഇവരുടെ മാവോയിസ്റ്റ് ബന്ധം വ്യക്തമാക്കുന്നതാണെന്നും പ്രേംനാഥ് വ്യക്തമാക്കുന്നു.