മുംബൈ: ആധാര്‍ കാര്‍ഡ് പൗരത്വരേഖയല്ലെന്ന് മുംബൈ ഹൈക്കോടതി. പാസ്‌പോര്‍ട്ട് ഇല്ലാതെ ഇന്ത്യയില്‍ തങ്ങുന്ന അനധികൃത ബംഗ്ലാദേശികളെ കുടിയേറ്റക്കാരെന്ന് വിധിച്ച മജിസ്‌ട്രേറ്റ് കോടതി വിധിക്കെതിരെ പൗരത്വകേസില്‍ അറസ്റ്റിലായവര്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി.

ബംഗ്ലാദേശ് സ്വദേശികള്‍ക്ക് ആധാര്‍ കാര്‍ഡ് ഉണ്ടെങ്കിലും അത് ഇന്ത്യന്‍ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. പാന്‍കാര്‍ഡ്, ആധാര്‍, വസ്തു ഇടപാട് രേഖ എന്നിവ പൗരത്വം തെളിയിക്കാനുള്ള രേഖയല്ലെന്ന് കോടതി പറയുന്നു. കൃത്യമായ ജനന സര്‍ട്ടിഫിക്കറ്റ് മാതാപിതാക്കളുടെ പേരുകളും ജനനസ്ഥലവും പൗരത്വം കാണിക്കുന്ന രേഖകളും ആവശ്യമാണ് എന്ന് കോടതി പറഞ്ഞു.

മുംബൈയ്ക്കടുത്തു ദഹിസറില്‍ താമസിച്ചിരുന്ന തസ്‌ലിമ റബിയുല്‍ (35) ആണു പിടിയിലായത്. ബംഗാള്‍ സ്വദേശിയാണെന്നും 15 വര്‍ഷമായി മുംബൈയില്‍ താമസിക്കുകയാണെന്നും അവര്‍ വാദിച്ചെങ്കിലും രേഖകള്‍ ഹാജരാക്കാനായില്ല.