ലണ്ടന്‍: കണ്‍സേര്‍വേറ്റീവ് പാര്‍ട്ടി വന്‍ഭൂരിപക്ഷത്തോടെ ലണ്ടനില്‍ വീണ്ടും അധികാരത്തിലേറിയത് മലയാളികള്‍ക്കും നേട്ടമാകുമെന്ന് അഭിപ്രായപ്പെട്ട് സിന്ധു ജോയ് സാന്റിമോന്‍. അരലക്ഷം നേഴ്‌സുമാരെ പുതുതായി നിയമിക്കുമെന്ന ബോറിസ് ജോണ്‍സണിന്റെ പ്രഖ്യാപനം മലയാളികള്‍ക്ക് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നെന്നാണ് സിന്ധു ജോയ് പറയുന്നത്. ബ്രിട്ടണില്‍ ബോറിസ് ജോണ്‍സണും കണ്‍സേര്‍വേറ്റീവ് പാര്‍ട്ടിയും അധികാരത്തുടര്‍ച്ച നേടിയതോടെ പൗണ്ടിന്റെ വിനിമയ നിരക്ക് ഉയര്‍ന്നതും സിന്ധു ജോയ് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാണിക്കുന്നു. ബ്രെക്‌സിറ്റ് നടപ്പാക്കുമെന്ന വാദം മാത്രം ഉയര്‍ത്തിക്കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ബോറിസ് ജോണ്‍സണ്‍ വിജയിച്ചതോടെ 92 രൂപ മൂല്യമുണ്ടായിരുന്ന പൗണ്ട് 95 രൂപയായി ശക്തി പ്രാപിച്ചെന്നും ഇനിയും പൗണ്ടിന്റെ മൂല്യമുയരുമെന്നും ബ്രിട്ടണില്‍ സ്ഥിരതാമസമാക്കിയ മുന്‍ രാഷ്ട്രീയ പ്രവര്‍ത്തക കൂടിയായ സിന്ധു ജോയ് വിശദീകരിക്കുന്നു.
വിവാഹശേഷമാണ് കേരളത്തിലെ രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് താല്‍ക്കാലിക ഇടവേള നല്‍കി സിന്ധു ജോയ് ലണ്ടനില്‍ സ്ഥിരതാമസമാക്കിയത്. കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള സ്ഥിരതാമസമാക്കിയ പൗരന്മാര്‍ക്ക് ബ്രിട്ടണില്‍ വോട്ടവകാശമുണ്ട്. ഈ അവകാശം വിനിയോഗിച്ച് ഇത്തവണ സിന്ധു ജോയ് ലണ്ടനില്‍ കന്നി വോട്ടും രേഖപ്പെടുത്തിയിരുന്നു. ലേബര്‍ പാര്‍ട്ടിക്ക് കനത്ത പരാജയമാണ് ബ്രിട്ടണിലുണ്ടായത് എങ്കിലും താന്‍ വോട്ട് ചെയ്ത നോട്ടിങ്ഹാം സൗത്തിലെ സിറ്റിങ് എംപി ലേബര്‍ പാര്‍ട്ടി നേതാവ് ലിലിയാന്‍ ഗ്രീന്‍വുഡ് വിജയിച്ചതിന്റെ സന്തോഷവും സിന്ധുജോയ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്.
അതേസമയം, വെള്ളിയാഴ്ചയായിരുന്നു ബ്രിട്ടണിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നടന്നത്. 650 സീറ്റില്‍ 365 സീറ്റ് നേടിയ ബോറിസ് ജോണ്‍സണിന്റെ നേതൃത്വത്തിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ബ്രിട്ടണും മിഡ്‌ലാന്‍ഡ്‌സുമടങ്ങുന്ന ലേബര്‍ ശക്തി കേന്ദ്രങ്ങളില്‍ പോലും വെന്നിക്കൊടി പാറിച്ചിരുന്നു.അധികാരത്തുടര്‍ച്ച നല്‍കിയാല്‍ ബ്രെക്‌സിറ്റ് നടപ്പാക്കുമെന്നാണ് ബോറിസ് ജോണ്‍സണ്‍ ആകെ പ്രചാരണവേളയില്‍ പറഞ്ഞത്. കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥികളും ഇതേറ്റുപിടിച്ചു. ഇതോടെ വടക്കന്‍ മാര്‍ഗരറ്റ് താച്ചര്‍ക്ക് ശേഷം ഇത്രവലിയ ഭൂരിപക്ഷത്തോടെ പാര്‍ട്ടി അധികാരത്തിലെത്തുകയും ചെയ്തു.
കാര്‍ക്കശ്യക്കാരെന്ന ചീത്തപ്പേരാണ് ലേബര്‍ പാര്‍ട്ടി നേതാവ് ജെറമി കോര്‍ബിന് പ്രധാനമായും തിരിച്ചടിയായത്. പ്രതീക്ഷിച്ചതിനേക്കാള്‍ ഏറെ വലിയ തിരിച്ചടിയാണ് ഇതോടെ പാര്‍ട്ടിയും നേരിട്ടത്. ബ്രെക്‌സിറ്റില്‍ രണ്ടാം ഹിതപരിശോധനയെന്ന കോര്‍ബിന്റെ നിര്‍ദേശം ബ്രിട്ടീഷ് ജനത തള്ളിക്കളയുകയായിരുന്നു. ഇതോടെ പാര്‍ട്ടി നേതൃസ്ഥാനവും കോര്‍ബിന്‍ ഉപേക്ഷിച്ചു.
സിന്ധു ജോയിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ബ്രിട്ടനില്‍ ടോറികള്‍ ജയിച്ചു; പൗണ്ടിന്റെ വിനിമയനിരക്കും ഉയര്‍ന്നു. ബ്രെക്‌സിറ്റ് റഫറണ്ടം പാസായ 2016 ജൂണ്‍ 23-നു 104 രൂപ വിലയുണ്ടായിരുന്ന ബ്രിട്ടീഷ് പൗണ്ട് 74 രൂപയിലേക്ക് കൂപ്പുകുത്തി. ബോറിസ് ജോണ്‍സന്‍ വമ്ബന്‍ വിജയം നേടിയ ഇന്നലെ ഒറ്റ രാത്രികൊണ്ട് പൗണ്ടിന്റെ വില 92 രൂപയില്‍ നിന്ന് 95 രൂപയായി ഉയര്‍ന്നു. പൗണ്ട് വില ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ.
മലയാളികള്‍ക്ക് പ്രതീക്ഷിക്കാന്‍ ഇനിയും ഏറെയുണ്ട്. പുതുതായി അമ്ബതിനായിരത്തോളം പുതിയ നേഴ്‌സുമാരെക്കൂടി നിയമിക്കുമെന്നാണ് ബോറിസിന്റെ തെരെഞ്ഞെടുപ്പ് വാഗ്ദാനം. നമ്മുടെ മലയാളി നേഴ്‌സുമാര്‍ക്കായി ഈ വാതില്‍ തുറക്കപ്പെടാം.
ചുരുക്കത്തില്‍, മലയാളികള്‍ക്ക് ഗുണകരമാണ് ബോറിസിന്റെ വിജയം.