ന്യൂസിലൻഡിലെ വൈറ്റ് ഐലൻഡിലെ അഗ്നിപർവത സ്ഫോടനത്തിൽ മരിച്ച ആറു പേരുടെ മൃതദേഹം കൂടി കണ്ടെത്തി. ന്യൂസിലൻഡ് പ്രതിരോധ സേന ഹെലികോപ്റ്റർ ഉപയോഗിച്ച് നാലു മണിക്കൂർ നേരം നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കാണാതായ മറ്റു രണ്ടു പേർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്. സ്ഫോടനമുണ്ടായ പ്രദേശത്തിന് ചുറ്റും മുങ്ങൽ വിദഗ്ദർ തെരച്ചിൽ തുടരുകയാണെന്ന് ന്യൂസിലൻഡ് പോലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് രണ്ടോടെയുണ്ടായ സ്ഫോടനത്തിൽ ഇതുവരെ 14 പേരാണ് മരിച്ചത്. അഗ്നിപർവത സ്ഫോടനത്തെത്തുടർന്ന് പുകയും ചാരവും 12000 അടി ഉയരത്തിലേക്ക് തെറിച്ചിരുന്നു. ആ സമയത്ത് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 47 വിനോദസഞ്ചാരികൾ സ്ഥലത്തുണ്ടായിരുന്നു. ഇവരിൽ 20 പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലാണ്.
വാക്കാരി എന്നുകൂടി അറിയപ്പെടുന്ന വൈറ്റ് ഐലൻഡ് ബേ ഓഫ് പ്ളെന്റിയിൽനിന്ന് 50 കിലോമീറ്റർ അകലെയാണ്. ന്യൂസിലൻഡിലെ ഏറ്റവും സജീവമായ അഗ്നിപർവതങ്ങളിലൊന്നാണിത്. പ്രതിവർഷം പതിനായിരത്തോളം ടൂറിസ്റ്റുകളാണ് ഇവിടെ സന്ദർശനത്തിനെത്തുന്നത്. 2016ലും ഈ അഗ്നിപർവതം പൊട്ടുകയുണ്ടായി.