ഓള്‍ ഇന്ത്യ കോണ്‍ഗ്രസ് കമ്മിറ്റിക്ക് എഐസിസി) കീഴിലെ പ്രവാസി കൂട്ടായ്മയായ ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ (ഐഒസി) ഇവന്റ്സ് വിഭാഗം ഗ്ളോബല്‍ കോഓര്‍ഡിനേറ്ററായി അനുര മത്തായിയെ നാമനിര്‍ദേശം ചെയ്തു. ഐഒസി ചെയര്‍മാന്‍ ആയ ഡോക്ടര്‍ സാം പിത്രോദ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്.

ഇതോടെ ഐഒസിക്ക് കീഴില്‍ വിവിധ ലോകരാജ്യങ്ങളില്‍ ഇവന്റ്‌സുകള്‍ സംഘടിപ്പിക്കുന്നതിന്റെ ഉത്തവാദിത്വം ഇനി അനുര മത്തായി എന്ന യുവ മലയാളിയുടെത് കൂടിയാവുകയാണ്. 2019 ജനുവരിയില്‍ രാഹുല്‍ ഗാന്ധിയുടെ യുഎഇയിലെ സന്ദര്‍ശനം ഗംഭീര വിജയമാക്കുന്നതിലെ അനുര മത്തായിയുടെ സംഘാടക മികവ് ചര്‍ച്ചയായിരുന്നു. എറണാകുളം ജില്ലയിലെ കോതമംഗലം സ്വദേശിയായ ഇദേഹം യുഎഇ ഒരു പ്രമുഖ ഹോസ്പിറ്റാലിറ്റി ഗ്രൂപ്പ് ആയ ഫ്‌ലോറയില്‍ ഫിനാന്‍സ് ഡയറക്ടറായി ജോലി ചെയ്തു വരികയാണ്.

കക്ഷി രാഷ്ട്രീയത്തിന് അതീതമായി രാഷ്ട്രീയ സാമൂഹിക ചലച്ചിത്ര മേഖലയിലെ പ്രമുഖരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അനുര യുഎഇയിലെ സാംസ്‌കാരിക -സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ്. വിദ്യാര്‍ത്ഥിയായിരിക്കെ സജീവ കെഎസ്‌യു നേതാവായിരുന്നു. എറണാകുളം ജില്ലയിലെ കോതമംഗലം മാര്‍ അത്തനേഷ്യസ് കോളേജില്‍ രണ്ടുവട്ടം യൂണിയന്‍ ചെയര്‍മാന്‍ പദവിയും അനുര അലങ്കരിച്ചിട്ടുണ്ട്.