ന്യൂഡല്‍ഹി: രാഷ്ട്രപതി ഒപ്പുവെച്ചതോടെ പൗരത്വ നിയമഭേദഗതി പ്രാബല്യത്തിലായെങ്കിലും, നടപ്പാക്കില്ലെന്ന നിലപാടുമായി കേരളമടക്കം അഞ്ചു സംസ്ഥാനങ്ങള്‍. പൗരത്വം കേന്ദ്രസര്‍ക്കാറിെന്റ അധികാരപരിധിയില്പെട്ട വിഷയമായതിനാല്‍ സംസ്ഥാനങ്ങള്‍ക്ക് തടയാന്‍ കഴിയില്ലെന്ന് കേന്ദ്രം. അതേസമയം, കേന്ദ്രവുമായി സംസ്ഥാന സര്‍ക്കാറുകള്‍ ഏറ്റുമുട്ടലിെന്റ പാത സ്വീകരിച്ചാല്‍ നിയമഭേദഗതി നടത്തിപ്പ് അഴിയാക്കുരുക്കാകും.
പശ്ചിമബംഗാള്‍, കേരളം, പഞ്ചാബ്, മധ്യപ്രദേശ്, ഛത്തിസ്ഗഢ് സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരാണ് പൗരത്വനിയമം നടപ്പാക്കില്ലെന്ന് പ്രഖ്യാപിച്ചത്.
അതതു സംസ്ഥാനങ്ങളിലെ ജനവികാരവും കേന്ദ്രത്തെ പോലെതന്നെ രാഷ്ട്രീയ ലക്ഷ്യങ്ങളും അതിനുപിന്നിലുണ്ട്. അതേസമയം, കേന്ദ്രനിയമം സംസ്ഥാനം നടപ്പാക്കാതിരിക്കുന്നത് എങ്ങനെ? ഒപ്പം മറ്റൊരു ചോദ്യവുമുണ്ട്: സംസ്ഥാനം വഴിമുടക്കിയാല്‍ കേന്ദ്രം നടപ്പാക്കുന്നത് എങ്ങനെ?
ഭരണഘടനയുടെ ഏഴാം പട്ടികയില്‍പെട്ട വിഷയമാണ് പൗരത്വം. കേന്ദ്രനിയമം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ബാധകമാണ്. സംസ്ഥാനത്തിെന്റ എതിര്‍പ്പ് അവഗണിച്ച് മുന്നോട്ടുപോകാന്‍ പക്ഷേ, കേന്ദ്രത്തിന് കഴിയില്ല. പൗരത്വം പോലുള്ള സുപ്രധാന കാര്യങ്ങളില്‍ കേന്ദ്രനിയമം അവഗണിച്ച് ജനതാല്പര്യം സംരക്ഷിക്കാന്‍ സംസ്ഥാനത്തിന് പൂര്‍ണമായി കഴിയുകയുമില്ല. കോടതി കയറിയാല്‍ കേന്ദ്രത്തിന് അനുകൂലമാണ് ഭരണഘടന വ്യവസ്ഥ. അതേസമയം, നിയമനടപടിയുടെ കുരുക്ക് അഴിച്ചെടുക്കാന്‍ സമയമെടുക്കും.
പൗരത്വം സ്ഥാപിച്ച് അനുബന്ധ രേഖകള്‍ സമ്ബാദിക്കേണ്ട പൊതുജനമാണ് ഇതിനിടയില്‍ ശരിക്കും പ്രശ്നക്കുരുക്കിലാവുക. സംസ്ഥാനത്തു കഴിയുന്ന ഒരൊറ്റയാളെപ്പോലും പുറന്തള്ളുകയോ അവകാശങ്ങള്‍ നിഷേധിക്കുകയോ ചെയ്യില്ലെന്ന് സംസ്ഥാന സര്‍ക്കാറിന് നിലപാട് എടുക്കാം. എന്നാല്‍, കേന്ദ്രം നല്‍കേണ്ട പാസ്പോര്‍ട്ട്, ആധാര്‍, പാന്‍ കാര്‍ഡ് തുടങ്ങിയ ആധികാരിക രേഖകളുടെ കാര്യം പ്രശ്നത്തിലാവും. ദേശീയ പൗരത്വ രജിസ്റ്റര്കൂടി തയാറാക്കാനുള്ള പുറപ്പാടിലാണ് കേന്ദ്രം.
വിദേശകാര്യ മന്ത്രാലയമാണ് പാസ്പോര്‍ട്ട് നല്‍കേണ്ടത്. അതിെന്റ വെരിഫിക്കേഷന് നടത്തേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. റേഷന്‍ കാര്‍ഡ് പോലുള്ള രേഖകള്‍ ആധാരമാക്കി വെരിഫിക്കേഷന് പൂര്‍ത്തിയാക്കാം. എന്നാല്‍, ഇങ്ങനെ സമ്ബാദിക്കുന്ന രേഖകളുമായി ബന്ധപ്പെട്ട് ഭാവിയിലുണ്ടാകുന്ന പ്രശ്നങ്ങളുടെ ഉത്തരവാദിത്തം സംസ്ഥാനത്തിെന്റ തോളിലാവും. ഇത്തരത്തിലാണ് ഓരോ കുരുക്ക്. സംസ്ഥാനവും കേന്ദ്രവും സഹകരിച്ചു നീങ്ങിയാലും ഇല്ലെങ്കിലും പൗരത്വത്തിെന്റ ഗുണഭോക്താക്കള്‍ പ്രശ്നത്തിലാവുമെന്ന് ചുരുക്കം. ഇവിടെ നടപ്പില്ലെന്നു പറയുേമ്ബാഴും, സംസ്ഥാനങ്ങള്‍ക്കു മുന്നില്‍ പരിമിതികളുണ്ടെന്നാണ് നിയമവിദഗ്ധരുടെ പക്ഷം.
സ്വന്തം ജനങ്ങളെ പുറന്തള്ളാനോ മാറ്റിനിര്‍ത്താനോ തയാറാകാത്ത ഒരു സംസ്ഥാനത്ത് അതിക്രമിച്ചു കയറി നിയമം നടത്താന്‍ കേന്ദ്രത്തിനും സാധിക്കില്ല. സ്വന്തം അധികാരപരിധിയിലുള്ള രേഖകള്‍ വിലക്കാന്‍ കേന്ദ്രത്തിനു കഴിയും. ഇത് വലിയ കേന്ദ്ര-സംസ്ഥാന ഏറ്റുമുട്ടലുകളിലേക്കാണ് കാര്യങ്ങള്‍ എത്തിക്കുക. ആരാണ് ജനപക്ഷത്ത് എന്ന ചോദ്യമാണ് സാമൂഹികമായും രാഷ്ട്രീയമായും അപ്പോള്‍ ഉയര്‍ന്നുവരുക.