തിരുവനന്തപുരം : യാത്രക്കാരുടെ ദീര്‍ഘനാളത്തെ ആവശ്യമായ നേമം-കൊച്ചുവേളി റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍നാമകരണത്തിന് അവശേഷിക്കുന്നത് ഇനി വെറും രണ്ടു അനുമതികള്‍ മാത്രം. തിരുവനന്തപുരം സൗത്ത് -നോര്‍ത്ത് എന്നീ പേരുകളിലായിരിക്കും യഥാക്രമം നേമം -കൊച്ചുവേളി സ്റ്റേഷനുകള്‍ അതോടെ അറിയപ്പെടുക. സംസ്ഥാന സര്‍ക്കാരിന്റെയും കേന്ദ്രആഭ്യന്തര മന്ത്രാലയത്തിന്റെയും അനുമതി കൂടി ലഭിച്ചാല്‍ ദീര്‍ഘനാളത്തെ ആവശ്യത്തിന് പരിഹാരമാകും. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന ഡിവിഷണല്‍ റെയില്‍വേ യൂസേഴ്‌സ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റി (ഡിആര്‍യുസിസി) യോഗം പുനര്‍നാമകരണത്തിന് സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തീരുമാനിച്ചു. കഴിഞ്ഞ ജൂലായില്‍ ചേര്‍ന്ന യോഗതീരുമാനം അനുസരിച്ചാണ് തിരുവനന്തപുരം ഡിവിഷന്‍ അനുമതിയ്ക്കായി സര്‍ക്കാരിനെ സമീപിച്ചത്. സംസ്ഥാനത്തിന്റെ റെയില്‍വേ വകുപ്പ് ചുമതലയുള്ള പൊതുമരാമത്ത് മന്ത്രി ജി. സുധാകരനാണ് അപേക്ഷ സമര്‍പ്പിച്ചത്. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനം എടുക്കുമെന്ന് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഒരു പ്രമേയം പാസാക്കി റെയില്‍വേയ്ക്കു നല്‍കണം. പ്രമേയം റെയില്‍വേ ബോര്‍ഡ് പരിശോധിച്ചശേഷം ആഭ്യന്തര വകുപ്പിന്റെ അനുമതിയ്ക്കായി അയക്കുകയാണ് പതിവ് രീതി. ചെന്നൈ സെന്‍ട്രല്‍ സ്റ്റേഷന്‍ എംജിആര്‍ സെന്‍ട്രല്‍ എന്നാക്കി മാറ്റിയത് കഴിഞ്ഞ ഏപ്രില്‍ മാസത്തിലായിരുന്നു. ഇതേ ചുവടു പിടിച്ചാണ് തലസ്ഥാന നഗരത്തിലെ രണ്ടു സ്റ്റേഷനുകളുടെയും പേര് മാറ്റാന്‍ തിരുവനന്തപുരം ഡിവിഷന്‍ തീരുമാനിച്ചത്.

സൗത്തായി നേമവും നോര്‍ത്തായി കൊച്ചുവേളിയും

തലസ്ഥാന നഗരത്തിലെ സെന്‍ട്രല്‍ സ്റ്റേഷന്‍ കഴിഞ്ഞാല്‍ ഏറെ തിരക്കുള്ള സ്റ്റേഷനാണ് കൊച്ചുവേളി. ഭാവിയില്‍ സെന്‍ട്രലിന്റെ ഉപ സ്റ്റേഷനായി വികസിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുന്നതാണ് നേമം. ഇവ രണ്ടും പേരുമാറ്റി തിരുവനന്തപുരം സൗത്ത്-നോര്‍ത്ത് എന്നാക്കി മാറ്റിയാല്‍ മാത്രമെ യാത്രക്കാര്‍ ഇന്ന് നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമാകുകയുള്ളെന്ന് റെയില്‍വേ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ പ്രതിനിധികള്‍ അറിയിച്ചു.

തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷന്റെ തെക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന സ്റ്റേഷനാണ് നേമം. കൊച്ചുവേളി വടക്കു ഭാഗത്തും. നിലവില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍ തിരക്കുമൂലം ട്രെയിന്‍ ഗതാഗതത്തിന് ബുദ്ധിമുട്ട് നേരിടുന്നുണ്ട്. കൊച്ചുവേളിയില്‍ സ്റ്റേഷന്‍ നിര്‍മ്മിച്ചതു തന്നെ സെന്‍ട്രല്‍ സ്റ്റേഷനിലെ തിരക്കു കുറയ്ക്കാനായിരുന്നു. എന്നാല്‍ കൂടുതല്‍ പുതിയ ട്രെയിനുകള്‍ വന്നതോടെ കൊച്ചുവേളിയിലും സെന്‍ട്രലിന്റെ സമാന അവസ്ഥയാണ്്. കൊച്ചുവേളി പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിക്കാത്തത് സ്ഥിതിഗതികള്‍ വഷളാക്കി. നേമത്ത് ഒരു പ്രധാന സ്റ്റേഷന്‍ നിര്‍മ്മിച്ചാല്‍ മാത്രമെ സെന്‍ട്രലിന്റെയും കൊച്ചുവേളിയുടെയും ഇന്നത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുവെന്ന വിലയിരുത്തപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നേമം വികസിപ്പിക്കാന്‍ തീരുമാനിച്ചത്. വൈദ്യുതീകരണം പൂര്‍ത്തിയാകുന്നതോടെ കന്യാകുമാരി-തിരുവനന്തപുരം പാതയില്‍ കൂടുതല്‍ ട്രെയിനുകള്‍ കൈകാര്യം ചെയ്യാന്‍ കഴിയും. ഇത് തിരുവനന്തപുരം സന്ദര്‍ശിക്കുന്ന ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഗുണം ചെയ്യും. സ്ഥലത്തോടൊപ്പം തിരുവനന്തപുരം ചേര്‍ത്തു കഴിഞ്ഞാല്‍ ഇവിടെ എത്തുന്ന യാത്രികര്‍ക്ക് വളരെ ഗുണം ചെയ്യുമെന്ന് വിലയിരുത്തപ്പെടുന്നു. വടക്കു ഭാഗത്തു നിന്നു വരുന്ന ട്രെയിനുകള്‍ സെന്‍ട്രലില്‍ യാത്രക്കാരെ ഇറക്കി നേമത്തേക്കും. ഇതുപോലെ, നാഗര്‍കോവില്‍ ഭാഗത്തുനിന്നു വരുന്ന വണ്ടികള്‍ തമ്ബാനൂരില്‍ ആളിറക്കിയ ശേഷം കൊച്ചുവേളിയിലേക്കു പോയാലും ഇവിടെ തിരക്കുണ്ടാകില്ല.