ചെന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം സംഘടിപ്പിച്ച ഡി.കെ.കെ യൂത്ത് വിങ് സെക്രട്ടറി ഉദയനിധി സ്റ്റാലിന്‍ അടക്കം 100 ഓളം പേരെ പൊലിസ് കസ്റ്റഡിയിലെടുത്തു. സെയ്ദാപെട്ടിലായിരുന്നു പാര്‍ട്ടിയുടെ യുവ നേതാവും നടനുമായ ഉദയനിധി സ്റ്റാലിന്റെ നേതൃത്വത്തില്‍ പ്രതിഷേധം നടന്നത്. പ്രതിഷേധത്തിനിടെ ഉദയനിധി നിയമം കീറിയെറിഞ്ഞത്. തുടര്‍ന്ന് നേതാക്കളെയടക്കം പൊലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

ന്യൂനപക്ഷങ്ങള്‍ക്കും ശ്രീലങ്കന്‍ തമിഴര്‍ക്കുമെതിരാണ് നിയമമെന്ന് ആരോപിച്ചാണ് ഡി.എം.കെ പ്രതിഷേധിച്ചത്. സേലത്ത് നടത്തിയ പ്രതിഷേധത്തിനിടെ നൂറോളം പേരെ പൊലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

പൗരത്വ ഭേദഗതി നിയമത്തെ പിന്തുണച്ച ഭരണകക്ഷിയായ എഐഎഡിഎംകെയുടെ നടപടിക്കെതിരെ സ്റ്റാലിന്‍ നേരത്തേ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ 17ന് സംസ്ഥാനത്ത് ഉടനീളം പ്രതിപക്ഷം പ്രതിഷേധം നടത്തുമെന്നും സ്റ്റാലിന്‍ വ്യക്തമാക്കിയിരുന്നു.