ന്യൂഡല്‍ഹി: പൗരത്വ ഭേദഗതിയില്‍ കോണ്‍ഗ്രസ് കോടതിയില്‍. നിയമത്തിനെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കി. ഭേദഗതി ബില്‍ ഭരണഘടനാവിരുദ്ധമെന്ന് ജയ്റാം രമേശിന്റെ ഹര്‍ജി. അതിനിടെ ഗുവാഹത്തിയില്‍ നടക്കാനിരുന്ന ജപ്പാന്‍- ഇന്ത്യ ഉച്ചകോടി മാറ്റിവച്ചു. ജപ്പാന്‍ പ്രധാനമന്ത്രി ഇന്ത്യയിലേക്കില്ല. ഉചിതമായ സമയത്ത് ഉച്ചകോടി നടത്തുമെന്ന് വിദേശകാര്യവക്താവ് വ്യക്തമാക്കി.

പൗരത്വഭേദഗതിക്കെതിരെ പ്രക്ഷോഭം തുടരുന്ന അസമില്‍ ചില മേഖലകളില്‍‍ ഒരുമണിവരെ കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിരുന്നു. ഓള്‍ അസം സ്റ്റുഡന്റസ് യൂണിയന്‍ പ്രഖ്യാപിച്ച ഉപവാസസമരം തുടരുകയാണ്. പ്രതിഷേധമാളിക്കത്തിയ ദിബ്രുഗഡ് നഗരമേഖലയിലും ചന്ദ്രിനാരിയിലുമാണ് കര്‍ഫ്യൂവില്‍ അഞ്ചു മണിക്കൂര്‍ ഇളവ് നല്‍കിയത്. ഗുവാഹത്തിയിലും ചന്ദ്രിനാരിയിലും സൈന്യം ഫ്ലാഗ് മാര്‍ച്ച്‌ നടത്തി. പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി ഓള്‍ അസം സ്റ്റുഡന്റസ് യൂണിയന്‍ ആഹ്വാനം ചെയ്ത പത്ത് മണിക്കൂര്‍ ഉപവാസസമരം തുടരുകയാണ്.

കല, സാഹിത്യ, ചലച്ചിത്രമേഖലകളിലെ പ്രമുഖര്‍ സമരത്തില്‍ പങ്കെടുത്തു. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുന:സ്ഥാപിച്ചിട്ടില്ല. ബ്ലംഗാദേശ് നയതന്ത്ര ഉദ്യോഗസ്ഥരുടെ വാഹനവ്യൂഹത്തിന് നേരെ കല്ലേറുണ്ടായതില്‍ പ്രതിഷേധിച്ച്‌ ഇന്ത്യന്‍ ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി ബംഗ്ലാദേശ് പ്രതിഷേധമറിയിച്ചു. പൗരത്വഭേദഗതിക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. അതേസമയം പൗരത്വഭേദഗതിയെക്കുറിച്ച്‌ ജനങ്ങള്‍ക്കുള്ള തെറ്റിധാരണകള്‍ മാറ്റാന്‍ ബിജെപി നാളെ മുതല്‍ പ്രത്യേക പ്രചാരണ പരിപാടികള്‍ നടത്തും.