ന്യൂഡൽഹി: ശബരിമല യുവതീപ്രവേശന വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ ഉത്തരവ് ഇന്നില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. വിധി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ, ബിന്ദു അമ്മിണി എന്നിവർ സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റീസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഇന്ന് പരിഗണിച്ചത്.
യുവതീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ വിധി വിശാല ബെഞ്ചിന് കോടതി വിട്ടതല്ലേയെന്നും വിശാല ബെഞ്ച് വിഷയം പരിഗണിക്കുന്നതുവരെ കാത്തിരിക്കാനും ഹർജിക്കാരോട് ചീഫ് ജസ്റ്റീസ് നിർദ്ദേശിച്ചു.
രാജ്യത്തിന് നിലവിൽ സ്ഫോടനാത്മകമായ സ്ഥിതിയാണ് നിലനിൽക്കുന്നത്. സ്ഥിതി വഷളാക്കാൻ കോടതി ആഗ്രഹിക്കുന്നില്ല. ശബരിമലയിലേക്ക് പോകുന്നതിന് പോലീസ് സംരക്ഷണം നൽകാൻ കഴിയില്ലെന്നും സമാധാനത്തോടെ അന്തിമ വിധി വരും വരെ കാത്തിരിക്കാനും സുപ്രീംകോടതി നിരീക്ഷിച്ചു.
വിശാല ബെഞ്ചിന്റെ ഉത്തരവ് അനുകൂലമാണെങ്കിൽ യുവതികൾക്ക് ശബരിമല ദർശനത്തിന് സംരക്ഷണം ലഭിക്കും. യുവതീപ്രവേശനം സംബന്ധിച്ച വിഷയം പരിഗണിക്കാൻ വിശാല ബെഞ്ച് ഉടൻ രൂപീകരിക്കുമെന്നും സുപ്രീംകോടതി അറിയിച്ചു.
യുവതീപ്രവേശന വിധി നടപ്പാക്കണമെന്നായിരുന്നു ബിന്ദു അമ്മിണിയുടെ ആവശ്യം. ദർശനത്തിന് പോലീസ് സംരക്ഷണം തേടിയാണ് രഹ്ന ഫാത്തിമ കോടതിയെ സമീപിച്ചത്.