ന്യൂഡൽഹി: “റേപ്പ് ഇൻ ഇന്ത്യ’ പരാമർശത്തിന്റെ പേരിൽ മാപ്പ് പറയില്ലെന്ന് കോണ്ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വിഷയത്തിൽ രാഹുലിനെതിരേ പാർലമെന്റിന്റെ ഇരുസഭകളിലും ബിജെപി അംഗങ്ങൾ വൻ പ്രതിഷേധം ഉയർത്തിയതിന് പിന്നാലെയാണ് നിലപാട് വ്യക്തമാക്കിയത്.
പൗരത്വ ബില്ലിന്റെ പേരിൽ വടക്കു-കിഴക്കൻ സംസ്ഥാനങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് ബിജെപിയുടെയും കേന്ദ്ര സർക്കാരിന്റെ ശ്രമമെന്നും അതിന്റെ ഭാഗമാണ് തനിക്കെതിരേയുണ്ടായ പ്രതിഷേധമെന്നും രാഹുൽ ആവർത്തിച്ചു.
കഴിഞ്ഞ ദിവസം ജാർഖണ്ഡിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് രാഹുൽ റേപ്പ് ഇൻ ഇന്ത്യ പരാമർശം നടത്തിയത്. കേന്ദ്ര സർക്കാരിന്റെ “മേക്ക് ഇൻ ഇന്ത്യ’ പദ്ധതിയുമായി ചേർത്തായിരുന്നു രാഹുലിന്റെ വിമർശനം. രാജ്യത്ത് “മേക്ക് ഇൻ ഇന്ത്യ അല്ല, റേപ്പ് ഇൻ ഇന്ത്യ’യാണ് നടക്കുന്നതെന്നായിരുന്നു രാഹുലിന്റെ പരാമർശം.
രാജ്യത്ത് സ്ത്രീകൾക്കെതിരേയുണ്ടാകുന്ന തുടർച്ചയായ ആക്രമണങ്ങളെ വിമർശിച്ചായിരുന്നു രാഹുലിന്റെ നിരീക്ഷണം. ഇതിനെതിരേയാണ് ബിജെപി അംഗങ്ങൾ പ്രതിഷേധം ഉയർത്തിയത്. രാഹുലിന്റെ പരാമർശം രാജ്യത്തെ സ്ത്രീകളെ അപമാനിക്കുന്നതാണെന്ന് കേന്ദ്ര മന്ത്രിമാർ ഉൾപ്പടെയുള്ള ബിജെപി നേതാക്കൾ വിമർശിച്ചു.