ന്യൂഡൽഹി: വിവാദമായ പൗരത്വ ഭേദഗതി ബിൽ അടക്കം നിരവധി സുപ്രധാന നിയമനിർമാണങ്ങൾക്കു ശേഷം പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിന് പര്യവസാനമായി. രാഹുൽ ഗാന്ധിക്കെതിരായ പ്രതിഷേധത്തോടെയാണ് അവസാന ദിവസത്തിനു തിരശീല വീണത്. പൗരത്വ ഭേദഗതി നിയമത്തിനു മേലുള്ള ചർച്ചകളും പ്രതിഷേധങ്ങളും രാഹുലിനെതിരായ ആക്രമണത്തിലൂടെ പ്രതിരോധിച്ച ഭരണപക്ഷം അവസാന ദിവസം പാർലമെന്റിന്റെ ഇരുസഭകളും പ്രക്ഷുബ്ദമാക്കി.
ഇതോടെ ലോക്സഭയും രാജ്യസഭയും സഭാനടപടികൾ നിർത്തിവച്ച് ഉച്ചയോടെ പിരിഞ്ഞു. കൃത്യമായ ആസൂത്രണത്തോടെ അവസാന ദിവസം പാർലമെന്റിലെത്തിയ ഭരണപക്ഷാംഗങ്ങൾ തുടക്കത്തിൽ തന്നെ രാഹുൽ ഗാന്ധിക്കെതിരായി ആക്രമണം ആരംഭിച്ചു. ജാർഖണ്ഡിൽ രാഹുൽ നടത്തിയ റേപ് ഇൻ ഇന്ത്യ എന്ന പരാമർശത്തിൽ പിടിച്ചായിരുന്നു ബഹളം. മന്ത്രി അർജുൻ രാം മേഗ്വാൾ രാഹുലിന്റെ പരാമർശം ചൂണ്ടിക്കാട്ടി കോൺഗ്രസ് മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു.
പിന്നാലെ സ്മൃതി ഇറാനിയും രംഗത്തെത്തി. രാഹുൽ ഇന്ത്യയിലെ സ്ത്രീകളെ അപമാനിച്ചെന്ന് അവർ ആരോപിച്ചു. ഭരണപക്ഷത്തെ വനിതാ അംഗങ്ങളെല്ലാം സ്മൃതിക്ക് പിന്തുണയുമായി ബഹളം ആരംഭിച്ചു. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗും രാഹുൽ മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടു. ഈ സമയങ്ങളിലൊന്നും രാഹുൽ പാർലമെന്റിൽ ഉണ്ടായിരുന്നില്ല. രാഹുൽ പരാമർശത്തിൽ മാപ്പ് പറയില്ലെന്ന് കോൺഗ്രസും നിലപാട് എടുത്തതോടെ സഭ പ്രക്ഷുബ്ദമായി. ഇതിനിടെ ആസാമിലടക്കം നടക്കുന്ന പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധങ്ങളും കലാപങ്ങളും മുങ്ങിപ്പോയി.