കൊച്ചി: പാലാരിവട്ടത്ത് റോഡിലെ കുഴിയിൽ വീണ ബൈക്ക് യാത്രികൻ ലോറി കയറി മരിച്ച സംഭവത്തിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. സംഭവത്തിൽ നാണക്കേടുകൊണ്ട് തലകുനിക്കുന്നെന്ന് കോടതി പറഞ്ഞു. മരിച്ച യദുലാലിന്റെ കുടുംബത്തോട് മാപ്പ് പറയുന്നതായും കോടതി പറഞ്ഞു. കൊച്ചിയിലെ റോഡുകളുടെ നിലവിലെ സ്ഥിതിയറിയാൻ കോടതി അമിക്യസ് ക്യൂറിയെ നിയമിച്ചു. മൂന്ന് അഭിഭാഷകരെയാണ് അമിക്യസ് ക്യൂറിയായി നിയമിച്ചത്.
റോഡിലെ എല്ലാ കുഴികളിലും മരണം ഒളിച്ചിരിക്കുന്നതായി കോടതി പറഞ്ഞു. കുഴി അടയ്ക്കുമെന്ന് പറയുന്നതല്ലാതെ നടക്കുന്നില്ല. ചെറുപ്രായത്തിലാണ് ഒരാളുടെ ജീവൻ നഷ്ടമായത്. ഇനിയും എത്ര ജീവൻ ബലികൊടുത്താലാണ് ഈ നാട് നന്നാകുക.
ഒരാൾ ഒരു കുഴികുഴിച്ചാൽ അത് മൂടുന്നത് പ്രോട്ടോകോൾ നോക്കിയാണ്. അതുവരെ ജീവന് ആരാണ് ഉത്തരവാദിത്വമേൽക്കുക. കാറിൽ സഞ്ചരിക്കുന്നവർക്ക് റോഡിലെ മോശം അവസ്ഥ അറിയില്ല. ഉത്തരവിടാൻ മാത്രമേ കോടതിക്ക് കഴിയൂ. ഉദ്യോഗസ്ഥരിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്നും കോടതി പറഞ്ഞു.
പാലാരിവട്ടം അപകടത്തിൽ കൂനമ്മാവ് കാച്ചാനിക്കോടത്ത് ലാലന്റെ മകൻ കെ.എൽ. യദുലാൽ(23) ആണ് മരിച്ചത്. പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപം ഇന്നലെ രാവിലെ എട്ടിനായിരുന്നു അപകടം. കുഴി മൂടിവച്ചിരുന്ന ബോർഡിൽ ബൈക്കിന്റെ ഹാൻഡിൽ ബാർ തട്ടി റോഡിൽ മറിഞ്ഞുവീണ യുവാവിന്റെ ദേ ഹത്തുകൂടി പിന്നാലെ വന്ന ടാങ്കർ കയറിയിറങ്ങുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു.
വാട്ടർ അഥോറിറ്റിയുടെ പൈപ്പ് പൊട്ടിയുണ്ടായ കുഴിയാണ് അപകടമുണ്ടാക്കിയത്. കുഴി രൂപപ്പെട്ടിട്ട് എട്ടു മാസത്തോളമായിരുന്നു. പൈപ്പ് നന്നാക്കാൻ റോഡ് കുഴിക്കുന്നതിനായി പിഡബ്ല്യുഡിയുടെ അനുമതി തേടിയെങ്കിലും വലിയ തുക നഷ്ടപരിഹാരമായി ചോദിച്ചതിനാൽ തർക്കമായി. ഇതേത്തുടർന്നു കുഴിയടയ്ക്കൽ നീണ്ടുപോകുകയായിരുന്നു. മെട്രോ സ്റ്റേഷനു മുന്നിലെ പൊട്ടിപ്പൊളിഞ്ഞുകിടന്ന മറ്റുഭാഗങ്ങൾ കഴിഞ്ഞയാഴ്ച ടാർ ചെയ്തപ്പോഴും ഈ കുഴി മൂടിയില്ല.