തിരുവനന്തപുരം> ഉള്ളിവില പിടിച്ചുനിര്‍ത്താന്‍ അഫ്‌ഗാന്‍, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്ന് സവാളയെത്തിയതോടെ വിപണിയില്‍ വില കുറഞ്ഞു. 140 രൂപവരെ ഉയര്‍ന്ന സവാള വില വ്യാഴാഴ്ച 80 രൂപയായി. ഈജിപ്തില്‍നിന്നുള്ള വലിയ ഉള്ളിയും പല ജില്ലകളിലും എത്തിയിട്ടുണ്ട്. എന്നാല്‍, മഹാരാഷ്ട്ര, കര്‍ണാടകം എന്നിവിടങ്ങളില്‍നിന്നുള്ള സവാളയ്‌ക്ക് 120 രൂപയാണ് വില. കഴിഞ്ഞ ദിവസം 110 ആയിരുന്നു. ചെറിയ ഉള്ളിക്ക് 80 മുതല്‍ 120 രൂപവരെയാണ് വില.
അഫ്ഗാന്‍ ഉള്ളി എത്തിയതോടെ ഹോട്ടല്‍ വിപണിക്കും ഉണര്‍വായി. വിദേശ ഉള്ളികള്‍ പൊള്ളാച്ചി, കോയമ്ബത്തുര്‍ മാര്‍ക്കറ്റുകള്‍ വഴിയാണ് പാലക്കാട്ടെത്തിക്കുന്നത്. പാലക്കാട് വ്യാഴാഴ്‌ച നാല് ലോഡ് ഉള്ളിയാണ് എത്തിയത്. എന്നാല്‍ ഗുണത്തില്‍ ഇന്ത്യന്‍ ഉള്ളിയോളം വരില്ലെന്ന് കച്ചവടക്കാര്‍ പറഞ്ഞു. വലിപ്പവും വെളുത്ത നിറവുമാണ് അഫ്ഗാന്‍ ഉള്ളിക്ക്. ഹോട്ടലുകാരാണ് ആവശ്യക്കാര്‍ ഏറെ. രുചിയിലും ഇന്ത്യന്‍സവാളയുടെ പിറകിലാണ്.
76 ടണ്‍ സവാളകൂടി ഉടന്‍ വിപണിയില്‍
തിരുവനന്തപുരം
സവാള വില നിയന്ത്രണത്തിനുള്ള സര്‍ക്കാര്‍ ഇടപെടലിന്റെ ഭാഗമായി വരുംദിവസങ്ങളില്‍ കൂടുതല്‍ സവാള വിപണിയിലെത്തും. 76 ടണ്‍ സവാള സപ്ലൈകോ, ഹോര്‍ട്ടി കോര്‍പ് ഔട്ട്‌ലെറ്റുകളില്‍ വില്‍പ്പനയ്‌ക്ക് എത്തിക്കും.
നാഫെഡ് മുഖേന സംഭരിച്ച 26 ടണ്‍ സവാളയാണ് ഹോര്‍ട്ടികോര്‍പ് വില്‍പ്പനയ്‌ക്ക് എത്തിക്കുന്നത്. സപ്ലൈകോ, ഹോര്‍ട്ടികോര്‍പ് ചുമതലക്കാരുടെ യോഗം മന്ത്രി പി തിലോത്തമന്റെ സാന്നിധ്യത്തില്‍ സ്ഥിതിഗതി വിലയിരുത്തി.