മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന നടനാണ് ഷെയ്ന്‍ നിഗം. നടന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങള്‍ക്കെല്ലാം തന്നെ മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ഇക്കൊല്ലം കുമ്ബളങ്ങി നൈറ്റ്‌സ്, ഇഷ്‌ക് തുടങ്ങിയ സിനിമകളിലൂടെ നടന്റെ താരമൂല്യം ഒന്നുകൂടി വര്‍ധിച്ചിരുന്നു. മോളിവുഡില്‍ തിളങ്ങിനില്‍ക്കുന്ന സമയത്താണ് ചില വിവാദങ്ങള്‍ നടനെ സംബന്ധിച്ചുണ്ടായത്. അതേസമയം വിവാദങ്ങള്‍ക്കിടെ മലയാളത്തില്‍ പുതിയ തുടക്കം കുറിക്കാനൊരുങ്ങുകയാണ് നടന്‍.

അഭിനയത്തിന് പുറമെ നിര്‍മ്മാണ രംഗത്തേക്കും ഷെയ്ന്‍ നിഗം എത്തുകയാണ്. ഓണ്‍ലൂക്കേഴ്‌സ് മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താന്‍ രണ്ട് സിനിമകള്‍ നിര്‍മ്മിക്കാന്‍ ഒരുങ്ങുകയാണെന്ന് ഷെയിന്‍ നിഗം വെളിപ്പെടുത്തിയത്. മലയാള സിനിമയില്‍ വളരെയധികം അനുഭവ പരിചയമുളള രണ്ട് നവാഗത സംവിധായകര്‍ ഒരുക്കാന്‍ പോകുന്ന രണ്ട് ചിത്രങ്ങള്‍ ആയിരിക്കും ഷെയ്ന്‍ നിര്‍മ്മിക്കുകയെന്നും അറിയുന്നു.

അഭിമുഖത്തില്‍ സിനിമകളുടെ പേരും നടന്‍ വെളിപ്പെടുത്തിയിരുന്നു. ഒരു സിനിമയുടെ പേര് സിംഗിള്‍ എന്നും രണ്ടാമത്തേതിന്റെ പേര് സാരമണി കോട്ട എന്നുമാണ് എന്ന് ഷെയ്ന്‍ പറഞ്ഞു. സിനിമകളെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടും. അതേസമയം ചിത്രത്തില്‍ നായകന്‍ താരം തന്നെയാണോ എന്ന കാര്യത്തില്‍ വ്യക്തയില്ല.