പത്തനംതിട്ട:തിരുവല്ല കാവുംഭാഗത്ത് ബസ് കാത്തിരിപ്പുകേന്ദ്രത്തില്‍ പരസ്യബോര്‍ഡ് ഇളകിവീണു. സ്‌കൂള്‍ക്കുട്ടികളടക്കം നിരവധിപ്പേരുണ്ടായിരുന്ന സമയത്താണ് സംഭവം. വ്യാഴാഴ്ച വൈകീട്ട് 4.15-നാണ് പരസ്യബോര്‍ഡ് വീണത്.

കായംകുളം ഭാഗത്തേക്ക് പോകുന്ന യാത്രക്കാര്‍ക്കായി ഷോപ്പിങ് കോംപ്ലക്‌സിനുമുന്നില്‍ സ്ഥാപിച്ച വെയിറ്റിങ് ഷെഡ്ഡിന്റെ മുകളിലാണ് വലിയ ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. വൈകുന്നേരമായതിനാല്‍ നിരവധി വിദ്യാര്‍ഥികളാണ് കാത്തിരിപ്പുകേന്ദ്രത്തിന്റെ ചുറ്റിനും സംഭവസമയത്ത് ഉണ്ടായിരുന്നത്.

ബോര്‍ഡ് വീഴുന്ന ഉച്ചത്തിലുള്ള ശബ്ദം കേട്ട് വിദ്യാര്‍ത്ഥികള്‍ ഓടി മാറിയതിനാല്‍ വലിയൊരു ദുരന്തമാണ് ഒഴിവായത്. ആ സമയം ബോര്‍ഡിന്റെ ഒരുഭാഗം നിലംപതിക്കുകയും ചെയ്തു. ബാക്കിഭാഗം ഷെഡ്ഡിന്റെ മേല്‍ക്കൂരയില്‍ തട്ടിനിന്നു. ബോര്‍ഡിന്റെ ഒരുവശത്തെ ഇരുമ്പ്‌തൂണുകള്‍ ദ്രവിച്ചതാണ് അപകടത്തിന് കാരണം.