കൊച്ചി: പന്ത്രണ്ട് കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നിര്‍മാതാവ് ജോബി ജോര്‍ജിനെതിരെ ക്രൈം ബ്രാഞ്ച് ഉടന്‍ കുറ്റപത്രം നല്‍കും. ബ്രിട്ടണിലെ ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസിന് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് കാണിച്ച്‌ 11 കോടി 50 ലക്ഷം രൂപ തട്ടിയെടുത്തതിനായിരുന്നു ജോബി ജോര്‍ജിനെതിരെ കേസെടുത്തിരുന്നത്.

ബ്രിട്ടണിലെ ന്യൂ കാസില്‍ യൂണിവേഴ്‌സിറ്റിയില്‍ എംബിബിഎസ് അഡ്മിഷന്‍ തരപ്പെടുത്തി നല്‍കാമെന്ന് പറഞ്ഞ് 30 പേരില്‍ നിന്നായി 11 കോടി 50 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. മൂവാറ്റുപുഴ പൊലീസാണ് അന്ന് കേസ് രജിസ്റ്റര്‍ ചെയ്തത്. 2012 ലായിരുന്നു നിര്‍മാതാവ് ജോബി ജോര്‍ജ് സാമ്ബത്തിക തട്ടിപ്പ് കേസില്‍ പ്രതിയായത്.

എന്നാല്‍ വര്‍ഷങ്ങളോളം കേസിന്റെ അന്വേഷണം മരവിച്ചിരുന്നു. പിന്നീട് കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ഒടുവില്‍ ക്രൈം ബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാന്‍ ഒരുങ്ങുകയാണിപ്പോള്‍. സിഐ ബൈജു പൗലോസാണ് കേസന്വേഷിച്ച്‌ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിക്കുക.

മൂവാറ്റുപുഴ മുടവൂര്‍ സ്വദേശി ബാബു ജോര്‍ജാണ് കേസിലെ പ്രധാന പരാതിക്കാരന്‍. ബാബു ജോര്‍ജിന്റെ മകന് എംബിബിഎസ് അഡ്മിഷന്‍ ശരിയാക്കി നല്‍കാമെന്ന് വാഗ്ദാനം ചെയ്ത് രണ്ട് കോടി 47 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു പരാതി. ബാബു ജോര്‍ജിനു പുറമേ തൃപ്പൂണിത്തറ സ്വദേശി സുരേഷ്, കോട്ടയം വില്ലൂന്നി സ്വദേശി വിഷ്ണു, കോതമംഗലം സ്വദേശി ബോബി എന്നിവരും തട്ടിപ്പിനെതിരെ രേഖാമൂലം പരാതി നല്‍കിയിരുന്നു.