ന്യൂഡല്‍ഹി: ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ.അബ്ദുള്‍ മോമെന്‍ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കിയതിന് പൗരത്വ ഭേദഗതി ബില്‍ പാസ്സാക്കിയതിനെ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമായി ബന്ധമില്ലെന്ന് വിദേശകാര്യ മന്ത്രാലയം. അത്തരത്തിലുള്ള വാര്‍ത്തകള്‍ ആനാവശ്യമാണെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രവീഷ് കുമാര്‍ പറഞ്ഞു.

പാര്‍ലമെന്റില്‍ പാസ്സാക്കിയ പൗരത്വ ഭേദഗതി നിയമവുമായി ബംഗ്ലാദേശ് വിദേശകാര്യ മന്ത്രിയുടെ സന്ദര്‍ശം റദ്ദാക്കിയതിനെ ബന്ധപ്പെടുത്തേണ്ടതില്ല. മന്ത്രിയുടെ പരിപാടികളില്‍ മാറ്റംവരുത്തേണ്ടിവന്നതിനാലാണ് ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കിയത്. സന്ദര്‍ശനം റദ്ദാക്കിയതിന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി പറയുന്ന കാരണം എന്തെന്ന് കേള്‍ക്കാന്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

സന്ദര്‍ശം റദ്ദാക്കിയതില്‍ ബംഗ്ലാദേശ് വിദേശകാര്യ മന്ത്രി വിശദീകരണം നല്‍കിയിട്ടുണ്ട്. നമ്മുടെ രണ്ട് നേതാക്കള്‍ ആവര്‍ത്തിച്ച്‌ പറഞ്ഞതുപോലെ ബംഗ്ലാദേശുമായുള്ള ഇന്ത്യയുടെ ബന്ധം ഇപ്പോഴും ശക്തമാണ്. സന്ദര്‍ശനം റദ്ദാക്കിയതില്‍ എന്തെങ്കിലും പ്രതിഫലനം ഉണ്ടാകുമെന്ന് കരുതുന്നില്ല. ബംഗ്ലാദേശില്‍ ഡിസംബര്‍ 14ന് രക്തസാക്ഷിത്വ ദിനവും ഡിസംബര്‍ 16 വിജയദിനവുമാണ്. ഈ സാഹചര്യത്തില്‍ രാജ്യത്തുതന്നെ ഉണ്ടാകേണ്ടത് അത്യാവശ്യമായതുകൊണ്ടാണ് ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ.അബ്ദുള്‍ മോമെന്‍ ഇന്ത്യാസന്ദര്‍ശനം റദ്ദാക്കിയതെന്നും വിദേശകാര്യ വക്താവ് വ്യക്തമാക്കി.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയെ ശക്തമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് തന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതായി ബംഗ്ലാദേശ് എ.കെ.അബ്ദുള്‍ മോമെന്‍ അറിയിച്ചത്. ‘ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ ആരോപണം തികച്ചും അസത്യമാണ്. ആരാണ് അത്തരത്തിലൊരു വിവരം നല്‍കിയതെങ്കിലും അത് ശരിയല്ല. ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് പറയുന്നതില്‍ യാതൊരു വാസ്തവവുമില്ല’ എന്നായിരുന്നു മോമെന്റെ പ്രതികരണം.

ബംഗ്ലാദേശ് വാര്‍ത്താ ഏജന്‍സിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനു തൊട്ടു പിന്നാലെയാണ് ഇന്ത്യസന്ദര്‍ശനം റദ്ദാക്കിയതായുള്ള വാര്‍ത്ത പുറത്ത വന്നത്. യുഎസ്, ജപ്പാന്‍ സ്ഥാനപതിമാരുമായി മോമെന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യസന്ദര്‍ശിച്ച്‌ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് തീരുമാനം മാറ്റിയത്.

‘രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധങ്ങളില്‍ മാറ്റങ്ങള്‍ വരുന്നതില്‍ തങ്ങള്‍ക്ക് ആശങ്കയുണ്ട്. ഇന്ത്യക്ക് അവരുടെ രാജ്യത്തിനുള്ളില്‍ തന്നെ നിരവധി പ്രശ്‌നങ്ങളുണ്ട്. പക്ഷേ ഞങ്ങളെ അത് അലട്ടുന്നില്ല. ഒരു സൗഹൃദ രാജ്യമെന്ന നിലയില്‍ സൗഹൃദത്തെ ബാധിക്കുന്ന എന്തെങ്കിലും ഇന്ത്യ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നില്ല. മതേതര രാഷ്ട്രമെന്ന നിലയില്‍ നിന്ന് ഇന്ത്യ വ്യതിചലിക്കുന്നത് ബന്ധങ്ങളെ ദുര്‍ബലപ്പെടുത്തു’മെന്നും അമിത് ഷായുടെ പ്രസംഗത്തിനോടുള്ള പ്രതികരണമായി മോമെന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.