ഡല്‍ഹി : പൗരത്വ ഭേദഗതി ബില്ലില്‍ വ്യാഴാഴ്ച രാത്രി വൈകി രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചു. ഗസറ്റില്‍ പ്രഖ്യാപനം വന്നതോടെ ഇന്നു മുതല്‍ നിയമം പ്രാബല്യത്തിലായിരിക്കുകയാണ്.

ലോക്സഭയിലും രാജ്യസഭയിലും ഏറെ ചര്‍ച്ചകള്‍ക്കും നാടകീയരംഗങ്ങള്‍ക്കുമൊടുവിലാണ് ബില്‍ പാസായത്. എന്നാല്‍ പൗരത്വ ബില്ലിനെ സംബന്ധിച്ചുള്ള തര്‍ക്കങ്ങള്‍ തെരുവിലേക്ക് പടരുകയാണ്. രാജ്യത്തിന്റെ കിഴക്കന്‍ മേഖലയിലെ മിക്ക സംസ്ഥാനങ്ങളിലും ജനം തെരുവില്‍ പ്രതിഷേധിക്കുന്നുണ്ട്. വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്.

അസമിലും ത്രിപുരയിലും ഇന്റര്‍നെറ്റ് സേവനങ്ങള്‍ വിച്ഛേദിച്ചു. പന്ത്രണ്ട് സംഘടനങ്ങളുടെ പിന്തുണയോടെ നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് അസോസിയേഷനാണു പ്രതിഷേധങ്ങള്‍ക്കു നേതൃത്വം നല്‍കിയത്. ഇവിടെ പൊലീസ് വെടിവയ്പില്‍ മൂന്ന് പേര്‍ മരണമടഞ്ഞു. മറ്റ് രണ്ട് പേര്‍ക്ക് പരിക്കേറ്റു.

ഗുവാഹത്തി നഗരത്തില്‍ അനിശ്ചിതകാല കര്‍ഫ്യൂ ലംഘിച്ച്‌ തെരുവുകളില്‍ ഇറങ്ങിയ ജനക്കൂട്ടം പൊലീസിനെ ആക്രമിച്ചതോടെയാണ് വെടിവച്ചത്. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പേരാണ് തെരുവുകളില്‍ പ്രക്ഷോഭം നടത്തുന്നത്.

അസാമില്‍ ജനക്കൂട്ടം ബി.ജെ.പിയുടെയും അസാം ഗണപരിഷത്തിന്റെയും നേതാക്കളുടെ വീടുകള്‍ ആക്രമിച്ചു.ബി. ജെ. പി. എം. എല്‍. എയുടെ വീടിന് തീവച്ചു.