ബ്രക്‌സിറ്റിനെ തുടര്‍ന്ന് ബ്രിട്ടനില്‍ നടത്തിയ തെരഞ്ഞെടുപ്പിന്റെ ഫലസൂചനകള്‍ പുറത്തുവന്നുതുടങ്ങിയപ്പോള്‍ കണ്‍സര്‍വേറ്റീവ് പാര്‍ടിക്ക് മുന്നേറ്റം. ആകെയുള്ള 650 സീറ്റില്‍ ഫലം പ്രഖ്യാപിച്ച 360 സീറ്റില്‍ 188 ഉം കണ്‍സര്‍വേറ്റീവ് പാര്‍ടി നേടി.ലേബര്‍ പാര്‍ടി 125 സീറ്റ് നേടി. സ്‌കോട്ടിസ് നാഷ്‌ണല്‍ പാര്‍ടിക്ക് 27 സീറ്റും ലിബറല്‍ ഡെമോക്രറ്റ്‌സ് 6 സീറ്റും നേടി. ബ്രക്‌സിറ്റിന് അനുകൂലമായാണ് ജനം വിധിയെഴുതിയതെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ പറഞ്ഞു.
രണ്ടം ലോകയുദ്ധാനന്തരകാലത്തെ ഏറ്റവും പ്രധാന തെരഞ്ഞെടുപ്പുകളിലൊന്നിനാണ് ബ്രിട്ടന്‍ വ്യാഴാഴ്‌ച വോട്ട് ചെയ്‌തത്. യൂറോപ്യന്‍ യൂണിയനില്‍നിന്ന് ബ്രിട്ടന്‍ പുറത്തുപോകുന്നതിന്റെ (ബ്രെക്‌സിറ്റ്) വിധി തീരുമാനിക്കുന്നതിന് രണ്ടരവര്‍ഷത്തിനിടെ നടത്തിയ രണ്ടാമത്തെ ഇടക്കാല തെരഞ്ഞെടുപ്പാണിത്. 96 വര്‍ഷത്തിനിടെ ആദ്യമായാണ് ക്രിസ്‌മസ് മാസത്തില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.
വ്യാഴാഴ്‌ച രാവിലെ ഏഴുമുതല്‍ രാത്രി 10 വരെ (ഇന്ത്യന്‍ സമയം വെള്ളിയാഴ്‌ച പുലര്‍ച്ചെ 3.30) ആയിരുന്നു പോളിങ്. പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ കണ്‍സര്‍വേറ്റീവ് പാര്‍ടിയും സോഷ്യലിസ്റ്റ് നേതാവ് ജെറമി കോര്‍ബിന്റെ ലേബര്‍ പാര്‍ടിയും തമ്മിലായിരുന്നു പ്രധാനമത്സരം. പൊതുസഭയിലെ 650 സീറ്റിലേക്ക് 3322 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്.
പിന്‍വാങ്ങല്‍ കരാറുണ്ടാക്കി യൂറോപ്യന്‍ യൂണിയനില്‍നിന്ന് പുറത്തുവരും എന്നതാണ് കണ്‍സര്‍വേറ്റീവുകളുടെ പ്രധാന മുദ്രാവാക്യം. എന്നാല്‍, ഇയുവുമായി ബന്ധം സംബന്ധിച്ച് വീണ്ടും ഹിതപരിശോധന നടത്തുമെന്നാണ് ലേബര്‍ നിലപാട്.
2015ല്‍ നടന്ന ഹിതപരിശോധനയില്‍ 51 ശതമാനം പേര്‍ ഇയു വിട്ടുപോകുന്നതിന് വോട്ട് ചെയ്‌തിരുന്നു. രണ്ടുവര്‍ഷം കഴിഞ്ഞിട്ടും ഇത് നടപ്പാക്കാന്‍ കഴിയാതെ വന്നപ്പോഴാണ് 2017ല്‍ ഇടക്കാല തെരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത്.
തെരേസ മേയ് പുതിയ സര്‍ക്കാരുണ്ടാക്കി ഏറെ ശ്രമിച്ചിട്ടും ബ്രെക്‌സിറ്റ് കരാറില്‍ ധാരണയിലെത്താന്‍ കഴിയാഞ്ഞതിനാല്‍ അവര്‍ രാജിവച്ചപ്പോഴാണ് ആറ് മാസംമുമ്ബ് ബോറിസ് ജോണ്‍സന്‍ പ്രധാനമന്ത്രിയായത്. 2017ല്‍ 12 ഇന്ത്യന്‍ വംശജര്‍ എംപിമാരായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.