റാന്നി: എസ്.എസ്.എല്‍.സിക്ക് മികച്ച മാര്‍ക്ക് നേടിയിട്ടും അധ്യാപകരുടെ മാനസിക പീഡനത്തെത്തുടര്‍ന്ന് ട്രാന്‍സ്ജെന്‍ഡര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് പഠനം അവസാനിപ്പിക്കേണ്ടിവന്നുവെന്ന് പരാതി. പത്തനംതിട്ട റാന്നി അടിച്ചിപുഴ സ്വദേശിനിയായ ആദിവാസി വിദ്യാര്‍ഥിനിയാണ് കാസര്‍കോട് പരവനടുകക്കം മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ അധ്യാപകര്‍ക്ക് എതിരെ പരാതിയുമായി രംഗത്തെത്തിയത്. ഇതോടെ സംസ്ഥാനത്ത ഏക ട്രന്‍സ്ജെന്‍ഡര്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയുടെ പഠനവും മുടങ്ങിയിരിക്കുകയാണ്.
ഒരു അധ്യാപികയും അധ്യാപകനും തന്നെ മാനസികമായി പീഡിപ്പിക്കുന്നു. കുട്ടികളുടെ മുന്നില്‍ വച്ച്‌ അവഹേളിക്കുന്നു. സ്‌കൂള്‍ പി.ടി.എ അധികൃതരും സംശയത്തോടെ ചോദ്യങ്ങള്‍ ചോദിക്കുന്നു. യുവജനോത്സവത്തിലുള്‍പ്പെടെ അകറ്റി നിര്‍ത്തി. പരാതി നല്‍കിയപ്പോള്‍ മാനസികപീഡനം കൂടിയതായും പ്ലസ് ടു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പറയുന്നു.

പഠനം അവസാനിപ്പിക്കുന്നെന്ന് പറഞ്ഞപ്പോള്‍ സ്വന്തം ഇഷ്ടത്തോടെ പോകുകയാണെന്ന് നിര്‍ബന്ധിച്ച്‌ എഴുതി വാങ്ങിച്ചുവെന്നും പരാതിയിലുണ്ട്. ഗവര്‍ണറുടെയും പട്ടിക വര്‍ഗവകുപ്പിന്റെയും പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ഥിനി ട്രൈബല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനം നേടിയത്.
അധ്യാപകര്‍ക്കെതിരെ പട്ടിക വര്‍ഗ വകുപ്പിന് വിദ്യാര്‍ഥിനി പരാതി നല്‍കിയിട്ടുണ്ട്. ട്രാന്‍സ്ജെന്‍ഡറാണെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടും നിയമപരമായ അവകാശങ്ങള്‍ ലഭിച്ചില്ലെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, ഇക്കാര്യം അധ്യാപകര്‍ നിഷേധിക്കുകയാണ്. ആവശ്യമായ സൗകര്യങ്ങള്‍ നല്‍കിയിരുന്നെന്നും വിദ്യാര്‍ഥിനി പതിവായി ക്ലാസില്‍ എത്താറില്ലെന്നുമാണ് പ്രധാന അധ്യാപികയുടെ വിചിത്രമായ വിശദീകരണം.