ധാക്ക: ബംഗ്ലാദേശ് വിദേശകാര്യമന്ത്രി എ.കെ.അബ്ദുള്‍ മോമെന്‍ ദ്വിദിന ഇന്ത്യാ സന്ദര്‍ശനം റദ്ദാക്കി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയെ ശക്തമായി വിമര്‍ശിച്ചതിനു പിന്നാലെയാണ് തന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതായി ബംഗ്ലാദേശ് എ.കെ.അബ്ദുള്‍ മോമെന്‍ അറിയിച്ചത്.
ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ പ്രസ്താവനക്കെതിരെ ബംഗ്ലാദേശ് വിദേശകാര്യമന്ത്രി ശക്തമായി പ്രതികരിച്ചിരുന്നു. ‘ബംഗ്ലാദേശില്‍ ന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്നുവെന്ന അമിത് ഷായുടെ ആരോപണം തികച്ചും അസത്യമാണ്. ആരാണ് അത്തരത്തിലൊരു വിവരം നല്‍കിയതെങ്കിലും അത് ശരിയല്ല. ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ പീഡിപ്പിക്കപ്പെടുന്നുവെന്ന് പറയുന്നതില്‍ യാതൊരു വാസ്തവവുമില്ല’ – എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ബംഗ്ലാദേശ് വാര്‍ത്താ ഏജന്‍സിയാണ് അദ്ദേഹത്തിന്റെ പ്രസ്താവന റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതിനു തൊട്ടു പിന്നാലെയാണ് ഇന്ത്യസന്ദര്‍ശനം റദ്ദാക്കിയതായുള്ള വാര്‍ത്ത പുറത്ത വന്നത്. യുഎസ്, ജപ്പാന്‍ സ്ഥാനപതിമാരുമായി മോമെന്‍ കൂടിക്കാഴ്ച നടത്തിയിരുന്നു . ഇന്ത്യ സന്ദര്‍ശിച്ച് വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി വ്യാഴാഴ്ച കൂടിക്കാഴ്ച നടത്താനിരിക്കെയാണ് തീരുമാനം മാറ്റിയത്.