കൊച്ചി: വിവാദ പരാമര്‍ശത്തില്‍ ഖേദ പ്രകടനം നടത്തിയെങ്കിലും നടന്‍ ഷെയിന്‍ നിഗമിനോടുള്ള നിലപാട് മയപ്പെടുത്താതെ നിര്‍മാതാക്കളും കേരള ഫിലിം ചേമ്ബറും.വിഷയത്തില്‍ താല്‍ക്കാലികമായി ചര്‍ച്ച നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് ഫെഫ്്കയും പറഞ്ഞു. ഷെയിന്‍ നിഗമിനോട് വിഷയത്തില്‍ നേരിട്ട് ചര്‍ച്ച നടത്തേണ്ടതില്ലെന്ന നിലപാടിലാണ് നിര്‍മാതാക്കളുടെ സംഘടനയായ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. വിഷയത്തില്‍ ആദ്യം താരസംഘടനയായ അമ്മ നിലപാട് വ്യക്തമാക്കട്ടെയെന്നുമാണ് പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ നിലപാട്.22 നാണ് അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ചേരുന്നത് ഇതിന്റെ തീരുമാനം വരട്ടെയെന്നാണ് ഇവര്‍ പറയുന്നത്. നിര്‍മാതാക്കളുടെ അതേ നിലപാടില്‍ തന്നെയാണ് കേരള ഫിലിം ചേമ്ബറും. ഷെയിന്‍ നിഗമിനെതിരെ സ്വീകരിച്ചിരിക്കുന്ന അച്ചടക്ക നടപടി തല്‍ക്കാലം പുനപരിശോധിക്കേണ്ടതില്ലെന്നാണ് ഇവര്‍ പറയുന്നത്. ഷെയിന്‍ നിഗമിനെ സഹകരിപ്പിക്കേണ്ടതില്ലെന്ന് ചൂണ്ടികാട്ടി ദക്ഷിണേന്ത്യന്‍ ഫിലിം ചേമ്ബറിനു നല്‍കിയിരിക്കുന്ന കത്തും പിന്‍വലിക്കേണ്ടതില്ലെന്നാണ് ഫിലിം ചേമ്ബറിന്റെ തീരുമാനം.

അതേസമയം ഷെയിന്‍ നിഗമിന്റെ വിഷയത്തില്‍ ചര്‍ച്ചകള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് സിനിമ സാങ്കേതിക വിദഗ്ദരുടെ സംഘടനയായ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.വിഷയത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് ഉറപ്പ് കൊടൂക്കേണ്ടത് ഫെഫ്കയും താരസംഘടനയായ അമ്മയുമാണ്.ഷെയിന്‍ നിഗമിന്റെ പരാമര്‍ശത്തോടെ പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്‍ എടുത്ത തീരുമാനം ഉടനടി ഷെയിന്‍ നിഗമുമായി ചര്‍ച്ച വേണ്ടെന്നാണ്.അവരുടെ ആ വികാരം മുഖവിലയ്‌ക്കെടുത്തുകൊണ്ട് തല്‍ക്കാലം ഫെഫ്്ക സ്വീകരിച്ചുവന്ന ചര്‍ച്ചയും നിര്‍ത്തിവെച്ചിരിക്കുകയാണ്.അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാല്‍ വിദേശത്താണ്. അദ്ദേഹം തിരിച്ചുവന്നതിനു ശേഷം അമ്മയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി ചേരുന്നുണ്ട്്. അതിലെ തീരുമാനം കൂടി അറിഞ്ഞതിനു ശേഷം തുടര്‍ നടപടികളുമായി മുന്നോട്ടു പോകാമെന്നാണ് നിലപാട്.

അതേ സമയം താന്‍ നടത്തിയ ഖേദ പ്രകടനത്തോടെ എല്ലാ പ്രശ്‌നങ്ങളും തീരുമെന്നാണ് കരുതുന്നതെന്ന് നടന്‍ ഷെയിന്‍ നിഗം പറഞ്ഞു.19 ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ യോഗം ചേരുന്നുണ്ട്.അതിനു ശേഷം തീരുമാനം അറിയിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.മുടങ്ങിപോയ മൂന്നു സിനിമയും പൂര്‍ത്തികരിക്കാന്‍ താന്‍ തയാറാണെന്നും ഷെയിന്‍ നിഗം പറഞ്ഞു.ഉല്ലാസം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം വന്നുകഴിഞ്ഞാല്‍ ഉടന്‍ പൂര്‍ത്തിയാക്കും. താരസംഘടനയായ അമ്മ തനിക്ക് പിന്തുണയുമായി ഉണ്ട്.സംഘടന ഇടപെട്ട് വിഷയം പരിഹരിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും എല്ലാം നല്ല രീതിയില്‍ തന്നെ അവസാനിക്കുമെന്നാണ് കരുതുന്നതെന്നും ഷെയിന്‍ നിഗം പറഞ്ഞു.