ഭിന്നശേഷിക്കാരായ കുട്ടികളെ പരിചരിക്കുന്നതില്‍ കേരളം മാതൃകയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമായി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുത്തെ സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ റിട്ടാര്‍ഡേഷന്‍ സന്ദര്‍ശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. കുട്ടികള്‍ക്കൊപ്പം സമയം ചിലവിട്ട ഗവര്‍ണര്‍, തനിക്ക് മനുഷ്യത്വത്തിന്റെ ഉദാത്തമായ ആവിഷ്‌ക്കാരം ദര്‍ശിക്കാനായെന്നും കൂട്ടിച്ചേര്‍ത്തു.

സ്ഥാപനത്തിന്റെ ക്ഷണപ്രകാരമായിരുന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെയും, പത്‌നി രേഷ്മ ആരിഫിന്റെയും സന്ദര്‍ശനം..സ്ഥാപനം ചുറ്റി നടന്ന് കണ്ട ഗവര്‍ണര്‍ കുട്ടികളോട് കുശലന്വേഷണം നടത്തുകയും അവരുടെ കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. കുട്ടികളുടെ കലാപരിപാടികള്‍ കണ്ട് ആസ്വദിച്ച ഗവര്‍ണര്‍ വാക്കുകള്‍ക്ക് അതീതമായ അനുഭവം ആയിരുന്നുവെന്നും ഇത്തരം സ്ഥാപനങ്ങള്‍ എല്ലാവരും സന്ദര്‍ശിക്കണമെന്നും പ്രതികരിച്ചു.

150 കുഞ്ഞ് കുട്ടികളും, 50 മുതിര്‍ന്ന കുട്ടികളുമാണ് ഇവിടെയുള്ളത്. പ്രത്യേക വിദ്യാഭ്യാസ, വിനോദ പരിപാടികളുടെ സഹായത്തോടെ മാസസിക വെല്ലുവിളി അതിജീവിക്കാന്‍ കുട്ടികളെ പ്രാപ്തരാക്കുകയാണ് സ്ഥാപനം ലക്ഷ്യമിടുന്നത്. ആത്മവിശ്വാസം വര്‍ധിപ്പിച്ച്‌ പൂര്‍ണ മനുഷ്യനാക്കി അവരെ മാറ്റുന്ന തരത്തിലാണ് പാഠ്യപദ്ധതി. 1980 ല്‍ ഫാദര്‍ തോമസ് ഫെലിക്‌സ് ആരംഭിച്ച സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ റിട്ടാര്‍ഡേഷന്‍, കേരളത്തില്‍ ഈ മേഖലയില്‍ ആരംഭിച്ച ആദ്യ സ്ഥാപനം കൂടിയാണ്.

ഫാദര്‍ തോമസ് ഫെലിക്‌സിനെ ഗവര്‍ണര്‍ അനുമോദിച്ചു.