കൊച്ചി: അഭയ കേസില്‍ വിചാരണ പുരോഗമിക്കുന്നതിനിടെ ഹൈക്കോടതിയിടെ ഇടപെടല്‍. കേസില്‍ പ്രതികളായ ഫാ.തോമസ് കോട്ടൂര്‍, സി.സെഫി എന്നിവരെ നാര്‍ക്കോ അനാലിസിസിന് വിധേയയരാക്കിയ ഡോക്ടര്‍മാരെ വിസ്തരിക്കാന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ഡോക്ടര്‍മാരെ വിസ്തരിക്കാമെന്ന തിരുവനന്തപുരം സി.ജെ.എം കോടതിയുടെ ഉത്തരവ് റദ്ദാക്കുകയാണ് ഹൈക്കോടതി ചെയ്തത്.
2007ല്‍ നാര്‍ക്കോ അനാലിസിസ് നടത്തിയ ബംഗലൂരു ലാബിലെ ഡോ. എന്‍.കൃഷ്ണവേണി, ഡോ.പ്രവീണ്‍ പര്‍വതപ്പ എന്നിവരെ വിസ്തരിക്കാന്‍ സി.ജെ.എം കോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
നാര്‍ക്കോ പരിശോധന നടത്തിയ ഡോക്ടര്‍മാരെ വിസ്തരിക്കുന്നതു നിയമപരമല്ലെന്നും നാര്‍ക്കോ പരിശോധന ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രീം കോടതി ഉത്തരവുണ്ടെന്നും പ്രതികള്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അനുമതിയോടെയുള്ള നാര്‍ക്കോ പരിശോധന ആണെങ്കില്‍ പോലും വെളിപ്പെടുത്തലുകള്‍ ബോധപൂര്‍വ്വമല്ലാത്തതിനാല്‍ തെളിവായി സ്വീകരിക്കരുതെന്നും അതിന്റെ അടിസ്ഥാനത്തില്‍ കണ്ടെത്തുന്ന വിവരമോ വസ്തയുതയോ മാത്രമേ സ്വീകരിക്കാനാകൂവെന്നും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രതികളെ നാര്‍ക്കോ അനാലിസിസിന് വിധേയരാക്കിയ വിദഗ്ധരെ വിസ്തരിക്കുന്നത് ഹൈക്കോടതി നേരത്തെ ഈ മാസം 10 വരെ തടഞ്ഞിരുന്നു. കേസിലെ സാക്ഷി വിസ്താരം അവസാനഘട്ടത്തിലേക്ക് ഇന്ന് കടക്കാനിരിക്കേയാണ് ഹൈക്കോടതിയുടെ നിര്‍ണായക ഉത്തരവ് വരുന്നത്.