തിരുവനന്തപുരം : എട്ട് രാപ്പകലുകള്‍ നീണ്ട ലോക സിനിമക്കാഴ്ചകളുടെ ഉത്സവത്തിന് നാളെ കൊടിയിറക്കം. വിവിധ മേളകളില്‍ പ്രേക്ഷക പ്രീതി നേടിയവ ഉള്‍പ്പടെ 186 സിനിമകള്‍ പ്രദര്‍ശിപ്പിച്ച മേളയില്‍ ജല്ലിക്കെട്ട്,വൃത്താകൃതിയിലുള്ള ചതുരം എന്നീ മലയാള ചിത്രങ്ങളും പ്രത്യേക ശ്രദ്ധ ആകര്‍ഷിച്ചു.

സമാപനസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. അര്‍ജന്റീനിയന്‍ സംവിധായകനായ ഫെര്‍ണാണ്ടോ സൊളാനസിന് ആജീവനാന്ത സംഭാവനക്കുള്ള പുരസ്‌ക്കാരവും മുഖ്യമന്ത്രി വിതരണം ചെയ്യും.മന്ത്രി എ കെ ബാലന്‍ അധ്യക്ഷനാകുന്ന ചടങ്ങില്‍ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ മുഖ്യാതിഥിയും പ്രതിപക്ഷ നേതാവ് രമേശ്ചെന്നിത്തല വിശിഷ്ടാതിഥിയുമാകും. ധനമന്ത്രി ഡോ.തോമസ് ഐസക്ക്,മേയര്‍ കെ.ശ്രീകുമാര്‍, വി.ശിവന്‍കുട്ടി, അക്കാദമി ചെയര്‍മാന്‍ കമല്‍, വൈസ് ചെയര്‍ പേഴ്സണ്‍ ബീനാപോള്‍,സെക്രട്ടറി മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുക്കും .സമാപന സമ്മേളനത്തിന് ശേഷം മത്സരവിഭാഗത്തില്‍ സുവര്‍ണ്ണചകോരത്തിന് അര്‍ഹമാകുന്ന ചിത്രം പ്രദര്‍ശിപ്പിക്കും.

ഒമ്ബത് തിയേറ്ററുകളിലായി 27 ചിത്രങ്ങളാണ് മേളയുടെ അവസാന ദിവസത്തില്‍ പ്രദര്‍ശനത്തിനുള്ളത്. സീസര്‍ ഡയാസിന്റെ അവര്‍ മദര്‍, പേമ സെഡാന്റെ ബലൂണ്‍, സെര്‍ബിയന്‍ ചിത്രം നോ വണ്‍സ് ചൈല്‍ഡ് തുടങ്ങിയ ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടും.