വില്ലത്തരമായാലും സ്വഭാവികത നിറഞ്ഞ കഥാപാത്രങ്ങളായാലും അങ്ങേയറ്റം മനോഹരമാക്കാറുണ്ട് രഘുവരന്‍. തെന്നിന്ത്യന്‍ സിനിമാപ്രേക്ഷകരുടെ പ്രിയപ്പെട്ട അഭിനേതാക്കളിലൊരാള്‍ കൂടിയാണ് അദ്ദേഹം. വില്ലത്തരത്തില്‍ തന്റേതായ മുഖമുദ്ര സൃഷ്ടിച്ചതിന് ശേഷമായിരുന്നു ഈ താരം അരങ്ങൊഴിഞ്ഞത്. ഉയരങ്ങളിലേക്ക് പറക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി അദ്ദേഹം യാത്രയായത്. ആ ശൂന്യത നികത്താന്‍ തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഇന്നും കഴിഞ്ഞിട്ടില്ല. അഭിനയത്തിലും ഡയലോഗിലുമെല്ലാം തനതായ ശൈലിയായിരുന്നു രഘുവരന്‍ പുറത്തെടുത്തിരുന്നത്. കഴിഞ്ഞ ദിവസമായിരുന്നു അദ്ദേഹത്തിന്റെ 61ാമത് പിറന്നാള്‍. 11 വര്‍ഷമായി രഘുവരന്‍ അന്തരിച്ചിട്ട്. പിറന്നാള്‍ ദിനത്തില്‍ പ്രിയപ്പെട്ടവനെക്കുറിച്ച്‌ വികാരഭരിതമായ കുറിപ്പുമായെത്തിയിരിക്കുകയാണ് രോഹിണി.

1996ലായിരുന്നു രഘുവരന്‍ രോഹിണിയെ ജീവിതസഖിയാക്കിയത്. 2004 ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. മകനായ സായ് ഋഷിയുടെ കാര്യങ്ങള്‍ക്കായി ഇരുവരും ഒരുമിക്കാറുണ്ടായിരുന്നു. മകനെ ഒരുപാട് ഇഷ്ടപ്പെട്ടിരുന്ന പിതാവാണ് രഘുവെന്ന് മുന്‍പൊരു അഭിമുഖത്തിനിടയില്‍ രോഹിണി വ്യക്തമാക്കിയിരുന്നു. ആരും നിനക്ക് പകരമാവില്ല, ഇന്നുണ്ടായിരുന്നുവെങ്കില്‍ നിനക്ക് 61 തികഞ്ഞേനെയെന്നുമായിരുന്നു രോഹണിയുടെ ട്വീറ്റ്. സോഷ്യല്‍ മീഡിയയിലൂടെ ഇതിനകം തന്നെ താരത്തിന്റെ ട്വീറ്റും കുറിപ്പും വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും തിളങ്ങിയിരുന്നു രഘുവരന്‍. അഭിനയത്തില്‍ ഡിപ്ലോമ നേടിയ അദ്ദേഹത്തിന് തുടക്കം മുതല്‍ത്തന്നെ മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത ദൈവത്തിന്റെ വികൃതികള്‍ എന്ന സിനിമയിലെ അല്‍ഫോണ്‍സച്ചന്‍ എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. എം മുകുന്ദന്റെ നോവലിനെ അടിസ്ഥാനമാക്കിയൊരുക്കിയ സിനിമയായിരുന്നു ഇത്. ചിത്രത്തിലെ ഇരുളിന്‍ മഹാനിദ്രയില്‍ എന്ന കവിത ഇന്നും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണ്.