കോഴിക്കോട്: ദേശീയ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭയും പാസ്സാക്കിയതിന് പിന്നാലെ പ്രതികരണവുമായി നടി പാര്‍വ്വതി തിരുവോത്ത്. ട്വിറ്ററിലൂടെയാണ് പാര്‍വ്വതി ബില്ലിനെതിരെ രംഗത്ത് വന്നിരിക്കുന്നത്. പാര്‍വ്വതിയുടെ ട്വീറ്റ് ഇങ്ങനെ: ‘നട്ടെല്ലിലൂടെ ഭയം അരിച്ച്‌ കയറുന്നുണ്ട്. ഇത് സംഭവിക്കാന്‍ നമ്മള്‍ അനുവദിച്ച്‌ കൊടുക്കരുത്. ഒരിക്കലും അരുത്’.

രാജ്യമെമ്ബാടും പൗരത്വ ബില്ലിനെതിരെ വന്‍ പ്രതിഷേധം ഉയരുമ്ബോള്‍ മലയാളം അടക്കമുളള സിനിമാ രംഗത്ത് നിന്ന് പാര്‍വ്വതിയുടേത് പോലുളള ഒറ്റപ്പെട്ട പ്രതികരണങ്ങള്‍ മാത്രമേ ഈ വിഷയത്തില്‍ ഉണ്ടായിട്ടുളളൂ. കഴിഞ്ഞ ദിവസം ഐഎഫ്‌എഫ്‌കെ വേദിയില്‍ പൗരത്വ ഭേദഗതി ബില്ലിനെതിരെ ഉണ്ട സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു.

ചലച്ചിത്ര മേളയില്‍ ഉണ്ട സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം സംവിധായകന്‍ ഖാലിദ് റഹ്മാന്‍, തിരക്കഥാകൃത്ത് ഹര്‍ഷദ് അടക്കമുളളവരാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. RejectCAB, BoycottNRC എന്നിങ്ങനെ എഴുതിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിപ്പിടിച്ചായിരുന്നു പ്രതിഷേധം. ബോളിവുഡില്‍ നിന്നും നടിമാരായ സ്വര ഭാസ്‌കര്‍, ട്വിങ്കിള്‍ ഖന്ന, റിച്ച ഛാഡ എന്നിവര്‍ പൗരത്വ ബില്ലിനെ എതിര്‍ത്ത് രംഗത്ത് വരികയുണ്ടായി.

”ഇന്ത്യയില്‍ പൗരത്വം എന്നത് മതത്തെ അടിസ്ഥാനപ്പെടുത്തിയുളളതല്ല. വിവേചനത്തിന്റെ അടിസ്ഥാനം മതമല്ല. മതത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കാന്‍ ഭരണകൂടത്തിന് സാധിക്കില്ല. പൗരത്വ ഭേദഗതി ബില്‍ മുസ്ലിംകളെ ഒഴിവാക്കുന്നതാണ്. എന്‍ആര്‍സിയിലൂടെയും പൗരത്വ ഭേദഗതി ബില്ലിലൂടെയും ജിന്ന പുനര്‍ജനിച്ചിരിക്കുകയാണ്. ഹലോ ഹിന്ദു പാകിസ്താന്‍!” എന്നാണ് സ്വര ഭാസ്‌കര്‍ ട്വിറ്ററില്‍ കുറിച്ചത്’. വംശം, നിറം, ജാതി, മതം അടക്കമുളള സാമൂഹ്യ നിര്‍മ്മിതികളുടെ അടിസ്ഥാനത്തിലുളള വിവേചനം അടിസ്ഥാനപരമായ ധാര്‍മികതയ്ക്ക് എതിരാണ് എന്നാണ് ട്വിങ്കിള്‍ ഖന്ന പ്രതികരിച്ചത്. ദൈവം നമ്മളെ രക്ഷിക്കട്ടെ എന്ന് റിച്ച ഛാഡ ട്വീറ്റ് ചെയ്തു.