കൊച്ചി : യുവ നടന്‍ ഷെയ്ന്‍ നിഗം ഫേസ്ബുക്കിലൂടെ ഖേദ പ്രകടനം നടത്തിയത് സ്വീകരിക്കില്ല, അച്ചടക്ക നടപടിയുണ്ടാകുമെന്ന് ഉറപ്പിച്ച്‌ ഫിലിം ചേംബര്‍. സമൂഹ മാധ്യമം വഴി മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും ഷെയ്ന്‍ മാറ്റാവുന്നതാണെന്നും ചേംബര്‍ വിശദീകരിച്ചു.

ഷെയ്ന്‍ മൂലം മുടങ്ങിയ സിനിമകളുടെ നഷ്ടം നല്‍കണമെന്ന് നിര്‍മ്മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടിരുന്നു. അല്ലെങ്കില്‍ നിയമ നടപടികളിലേക്ക് നീങ്ങുമെന്ന് അറിയിച്ചിരുന്നു. ഇതോടെ ഷെയ്ന്‍ നിഗം ഫേസ് ബുക്കിലൂടെ ക്ഷമാപണവുമായി രംഗത്ത് എത്തുകയായിരുന്നു.

‘ ഞാന്‍ പറഞ്ഞ ആ വാക്കില്‍ ആര്‍ക്കെങ്കിലും വിഷമം ഉണ്ടെങ്കില്‍ ക്ഷമാപണം നടത്തുന്നു. എന്നെക്കുറിച്ച്‌ ഇതിനുമുമ്ബ് പറഞ്ഞ വാക്കുകളൊന്നും ഞാനും പൊതുസമൂഹവും മറന്നിട്ടുണ്ടാകില്ല എന്നാണ് എന്റെ വിശ്വാസം. അന്ന് ഞാനും ക്ഷമിച്ചതാണ്. അതുപോലെ ഇതും ക്ഷമിക്കും എന്ന പ്രതീക്ഷയിലാണ് ഞാന്‍. ക്ഷമയാണ് എല്ലാത്തിനും വലുത് എന്ന് വിശ്വസിക്കുന്നു. ഞാന്‍ ആരാധിക്കുന്ന എന്റെ ദൈവവും ഞാന്‍ വിശ്വസിക്കുന്ന എന്റെ സംഘടനയും എന്നും എന്റെ കൂടെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു. നമുക്ക് ക്ഷമയുടെ പാതയിലൂടെ പോകാം.’ എന്നിങ്ങനെയായിരുന്നു ഷെയ്നിന്റെ ഫേസ്ബുക്ക്് പോസ്റ്റ്.

എന്നാല്‍ ഫേസ് ബുക്കിലൂടെയുള്ള ഈ ക്ഷമാപണത്തില്‍ എപ്പോള്‍ വേണമെങ്കിലും മാറ്റം വരുത്താവുന്നതാണ്. ഇത് ക്ഷമാപണമായി കണക്കാക്കാന്‍ ആകില്ല. അച്ചടക്ക നടപടിയുമായി മുന്നോട്ട് പോകാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഫിലിം ചേംബര്‍ അറിയിച്ചു.

കൂടാതെ സിനിമയില്‍ അഭിനയിപ്പിക്കേണ്ടെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിന് നല്‍കിയ നല്‍കിയ കത്ത് പിന്‍വലിക്കേണ്ടെന്നും തീരുമാനിച്ചിട്ടുണ്ട്.