ആലപ്പുഴ: എസ്.എന്‍.ഡി.പി.യില്‍ വിമത നീക്കത്തിന് തുടക്കമിട്ട സുഭാഷ് വാസുവിനെതിരെ വെള്ളാപ്പള്ളി നടേശന്‍. നേതൃത്വത്തിനെതിരെ കരുനീക്കം തുടങ്ങിയ സുഭാഷ് വാസു അത്യാര്‍ത്തിക്കാരനാണെന്നും കുലംകുത്തികളെ സമുദായം തിരിച്ചറിയണമെന്നും വെള്ളാപ്പള്ളി പറഞ്ഞു . കുട്ടനാട്ടില്‍ നടന്ന എസ്.എന്‍.ഡി.പിയുടെ പരിപാടിയില്‍ സംസാരിക്കുകായിരുന്നു അദ്ദേഹം.

കട്ടതു കണ്ടുപിടിച്ചതും അതിന്റെ കണക്കുചോദിച്ചതുമാണ് ചിലര്‍ തനിക്കെതിരെ ഇപ്പോള്‍ തിരിയാന്‍ കാരണമെന്ന ആമുഖത്തോടെയാണ് വെള്ളാപ്പള്ളി പ്രസംഗത്തിന് തുടക്കമിട്ടത്. എന്നാല്‍ സുഭാഷ് വാസുവിന്റെ പേര് പറയാതെ ആയിരുന്നു പ്രസംഗിച്ചത്.

സ്‌പൈസസ് ബോര്‍ഡ് ചെയര്‍മാനും എസ്.എന്‍.ഡി.പി യോഗം മാവേലിക്കര യൂണിയന്‍ പ്രസിഡന്റുമായ ആള്‍ക്ക് അത്യാര്‍ത്തിയാണ്. അധികാരത്തിലിരുന്നപ്പോഴെല്ലാം കൊളള നടത്തിയെന്നും സംഘടനാ ശക്തിയെ ഇല്ലാതാക്കാനാണ് ശ്രമമെന്നും അദ്ദേഹം പറഞ്ഞു. ആനയോളം വലിപ്പമുളള സംഘടനയെ ഏലയ്ക്കാ കൊണ്ട് എറിയുകയാണ് ചിലരെല്ലാമെന്നും വെള്ളാപ്പള്ളി ആരോപിച്ചു. മാത്രമല്ല യൂണിയനുകളുടെ പിന്തുണ അവകാശപ്പെടുന്നവര്‍ തിരഞ്ഞെടുപ്പില്‍ ജയിച്ചു കാണിക്കട്ടെയെന്നും വെളളാപ്പളളി വെല്ലുവിളിച്ചു.