തിരുവനന്തപുരം : ജനങ്ങളെ ബുദ്ധിമുട്ടിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ താക്കീത്. ഓണ്‍ലൈനില്‍ അപേക്ഷ സമര്‍പ്പിച്ചവരോട് അതിന്റെ പകര്‍പ്പുമായി ഓഫീസിലെത്താന്‍ പറയുന്ന ഉദ്യോഗസ്ഥരുടെ നടപടി ഗൗരവത്തോടെ കാണണമെന്നും, ഇത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും കളക്ടര്‍മാര്‍ക്കും വകുപ്പുമേധാവികള്‍ക്കും മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.

ജീവനക്കാര്‍ ഓഫീസില്‍ എത്തുന്നതില്‍ കൃത്യത പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കണമെന്നും കളക്ടര്‍മാരുടെയും വകുപ്പുമേധാവികളുടെയും വാര്‍ഷിക സമ്മേളനത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു. പുറമ്ബോക്കുകളില്‍ കഴിയുന്നവര്‍ക്ക് ഉള്‍പ്പെടെ എല്ലാവര്‍ക്കും റേഷന്‍കാര്‍ഡ് നല്‍കാന്‍ പ്രത്യേക പരിപാടി നടപ്പാക്കണം. കളക്ടര്‍മാര്‍ ഇത് പ്രത്യേകദൗത്യമായി കാണണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ജനങ്ങളുടെ പരാതികള്‍ വേഗത്തില്‍ തീര്‍പ്പാക്കണം. കളക്ടര്‍മാര്‍ പൊതുജന സമ്ബര്‍ക്ക പരിപാടി നടത്തണം. ആവശ്യമെങ്കില്‍ മന്ത്രിമാരും ഇതില്‍ പങ്കെടുക്കണം. താലൂക്ക് അടിസ്ഥാനത്തില്‍ ഫയല്‍ തീര്‍പ്പാക്കണം. പട്ടയ വികരണം ത്വരിതപ്പെടുത്തുക, കൂടുതല്‍ പട്ടയം നല്‍കേണ്ട ഇടുക്കി പോലെയുള്ള ജില്ലകളില്‍ സര്‍വേ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സ്വകാര്യ സര്‍വേയര്‍മാരുടെ സേവനം പരിഗണിക്കണം.

അടുത്ത മഴയ്ക്ക് മുമ്ബ് ഗ്രാമീണ റോഡുകള്‍ നല്ല നിലവാരത്തില്‍ പുനര്‍ നിര്‍മ്മിക്കണം, ഉറവിട മാലിന്യ സംസ്‌കരണം കാര്യക്ഷമമാക്കണം, കേന്ദ്രീകൃത മാലിന്യ സംസ്‌കരണ പ്ലാന്റുകള്‍ പൂര്‍ത്തിയാക്കുക, ജലാശയ ശുചീകരണം കളക്ടര്‍മാര്‍ മല്‍സരബുദ്ധിയോടെ കാണണം, ലൈഫ് മിഷന്‍ മൂന്നാംഘട്ടം വേഗത്തില്‍ പൂര്‍ത്തിയാക്കണം തുടങ്ങിയ നിര്‍ദേശങ്ങളും മുഖ്യമന്ത്രി കളക്ടര്‍മാര്‍ക്ക് നല്‍കി.