പത്തനംതിട്ട: സന്നിധാനത്ത് നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്താന്‍ തിരുപ്പതി മോഡല്‍ സംവിധാനം ഉടന്‍. നാണയങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായ സാഹചര്യത്തിലാണ് പുതിയ നീക്കം. നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുന്നതിന് പകരം തൂക്കി നോക്കി തിട്ടപ്പെടുത്തുന്നതാണ് പുതിയ സംവിധാനം. മണ്ഡകാലം ആരംഭിച്ച ശേഷം നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്തുന്നതിലാണ് ദേവസ്വം ബോര്‍ഡ് ഏറ്റവും അധികം പ്രതിസന്ധി നേരിട്ടത്.

അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുളള തീര്‍ഥാടകരാണ് കാണിക്കവഞ്ചികളില്‍ നാണയങ്ങള്‍ നിക്ഷേപിക്കുന്നതില്‍ അധികവും. തമിഴ്‌നാട്ടിലും ആന്ധ്രയിലും നിന്നുളള കര്‍ഷര്‍ അവരുടെ വാര്‍ഷിക വരുമാനത്തിന്‍റെ ഒരു വിഹിതം നാണയങ്ങളായി കിഴികെട്ടി ഭണ്ഡാരത്തില്‍ ഇടുന്നതാണ് പതിവ്. നാണയങ്ങള്‍ എണ്ണുന്ന മെഷീനുകള്‍ നിരന്തരം തകരാറിലാവുകയാണ്. ഇത്രയധികം നാണയങ്ങള്‍ യന്ത്രങ്ങളില്‍ എണ്ണി തീര്‍ക്കുന്നതും പ്രായോഗികമല്ല. ഈ പശ്ചാലത്തിലാണ് പുതിയ നീക്കം. നാണയങ്ങള്‍ 1, 2, 5, 10 എന്നിങ്ങനെ തരം തിരിക്കും. ശേഷം തൂക്കി നോക്കി തുക തിട്ടപ്പെടുത്തും. തിരുപ്പതി ക്ഷേത്രത്തില്‍ ഇങ്ങനെയാണ് നാണയങ്ങള്‍ തിട്ടപ്പെടുത്തുന്നത്.

ശ്രീകോവിലിന് മുന്നിലെ ഹുണ്ഡികയിലെയും സന്നിധാനത്ത് വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന 145 വഞ്ചികളില്‍നിന്നുമുള്ള പണവുമാണ് ഭണ്ഡാരത്തിലെത്തിച്ച്‌ എണ്ണി തിട്ടപ്പെടുത്തി ബാങ്കിന് കൈമാറുന്നത്. എന്നാല്‍ കാണിക്ക എണ്ണാന്‍ ആവശ്യത്തിന് ജീവനക്കാരില്ല. പഴയഭണ്ഡാരത്തേക്കാള്‍ പുതിയതിന് വലിപ്പക്കുറവുമാണ്. കൂടുതല്‍ ജീവനക്കാരെ നിയോഗിക്കാന്‍ കഴിയാത്തതിനാല്‍ നാണയെമെണ്ണുന്നതും സാവധാനമാണ്. ശബരിമലയില്‍ ഇതുവരെ 5 കോടിയിലധികം രൂപയുടെ നാണയങ്ങള്‍ എണ്ണി തീര്‍ക്കാനുണ്ട്. പുതിയ പദ്ധതിയുടെ വിശദവിവരങ്ങള്‍ എക്സിക്യൂട്ടീവ് ഓഫീസറുടെ നേതൃത്വത്തിലുളള സമിതി ബോര്‍ഡിന് കൈമാറി. ദേവസ്വം ബോര്‍ഡ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കും.