കൊച്ചി: മാമാങ്കം സിനിമയ്ക്ക് ഹൈക്കോടതി പ്രദര്‍ശനാനുമതി നല്‍കി. തിരക്കഥാകൃത്തിന്റെ പേര് ഒഴിവാക്കി വേണം പ്രദര്‍ശനമെന്ന് കോടതി നിര്‍ദ്ദേശിച്ചു. തിരക്കഥാകൃത്ത് സജീവ് പിള്ളയാണെന്നും ശങ്കര്‍ രാമകൃഷ്ണനല്ലെന്നും ബോധ്യപ്പെട്ടതായി ഹൈക്കോടതി വ്യക്തമാക്കി. സിനിമയുടെ മുന്‍ സംവിധായകന്‍ കൂടിയായ സജീവ് പിള്ള നല്‍കിയ ഹരജിയിലാണു കോടതി വിധി പറഞ്ഞത്.

നാളെയാണ് സിനിമ റിലീസ് ചെയ്യുന്നത്. തിരക്കഥാകൃത്തിന്റെ പേര് ഒഴിവാക്കുമെന്ന് സിനിമയുടെ നിര്‍മാതാവ് സത്യവാങ്മൂലം നല്‍കണമെന്നും അതിനുശേഷം മാത്രമേ റിലീസ് ചെയ്യാവൂ എന്നും കോടതി പറഞ്ഞു. സിനിമയുടെ അണിയറയില്‍ ഒട്ടേറെപ്പേരുണ്ടെന്നും അവരെക്കൂടി പരിഗണിച്ചാണു തീരുമാനമെന്നും കോടതി വ്യക്തമാക്കി. എം പത്മകുമാറിന്റെ സംവിധാനത്തില്‍ ഒരുക്കിയിരിക്കുന്ന സിനിമയില്‍ മമ്മൂട്ടിയാണു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.