തിരുവനന്തപുരം: പട്ടിണിമൂലം കുട്ടികള്‍ മണ്ണുതിന്നുവെന്ന വെളിപ്പെടുത്തല്‍ സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്ന വിമര്‍ശം ഉയര്‍ന്നതിനെത്തുടര്‍ന്ന് സംസ്ഥാന ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് എസ്.പി ദീപക് രാജിവച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് രാജി സമര്‍പ്പിച്ചത്.

പാര്‍ട്ടി നിര്‍ദേശ പ്രകാരമാണ് രാജിവച്ചതെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. നല്ല ഉദ്ദേശത്തോടെയാണ് വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍ കുട്ടികളെ സംരക്ഷിക്കുന്നതിന് അപ്പുറത്തേക്ക് സര്‍ക്കാരിനെ മോശമാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ എത്തി.ഇതേത്തുടര്‍ന്ന് പാര്‍ട്ടി പറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് രാജി വെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം കൈതമുക്കില്‍ പട്ടിണിമൂലം കുട്ടികള്‍ മണ്ണുതിന്നുവെന്ന വിവരം ദീപക്കാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇത് സര്‍ക്കാരിന് നാണക്കേടുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍. പിന്നീട് ബാലാവകാശ കമ്മീഷന്‍ അടക്കമുള്ളവകുട്ടികള്‍ മണ്ണ് തിന്നിട്ടില്ലെന്ന നിഗമനത്തില്‍ എത്തിയെങ്കിലും ദീപക് തന്റെ നിലപാടില്‍ ഉറച്ചുനിന്നു. ഇതേത്തുടര്‍ന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലടക്കം വിമര്‍ശം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രാജി.

ഡിസംബര്‍ 30ന് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുകയാണ്.