ലണ്ടന്‍ : പൗരത്വ ഭേദഗതി ബില്ലിലൂടെ ഇന്ത്യ തെറ്റായ വഴി തിരഞ്ഞെടുക്കുകയാണെന്ന് വിഖ്യാത ശാസ്ത്രജ്ഞനും നൊബല്‍ സമ്മാനജേതാവുമായ വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍. രാജ്യ നിര്‍മ്മാണത്തില്‍ നിന്ന് വ്യതിചലിച്ച്‌ രാജ്യത്തിനുള്ളില്‍ തന്നെ വിഭജനം തീര്‍ക്കാന്‍ പാടില്ല. നിങ്ങളുടെ മതത്തിന് മറ്റുള്ളവരുടെ മതത്തിന്റെ അതേ പദവിയല്ല എന്ന് 20 കോടി ജനങ്ങളോട് പറയുന്നതിലൂടെ ഭിന്നിപ്പിന്റെ സന്ദേശമാണ് രാജ്യത്തിന് നല്‍കുന്നതെന്ന് ‌ദ ടെലഗ്രാഫിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

‘സഹിഷ്ണുതയില്‍ ഊന്നിയുള്ള ആദര്‍ശമാണ് ഇന്ത്യയ്ക്കുള്ളത്. അത് തുടരണമെന്നാണ് ആഗ്രഹം.

യോജിപ്പുള്ള സമൂഹത്തെ നിര്‍മ്മിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണ്. വ്യത്യസ്ത സംസ്‌കാരങ്ങളെ ഉള്‍ക്കൊള്ളുകയാണ് ദീര്‍ഘകാലത്തേക്ക് ഇന്ത്യയ്ക്ക് ഉചിതം. പൗരത്വ ബില്‍ വിഷയത്തില്‍ ആശങ്ക രേഖപ്പെടുത്തി ഇന്ത്യന്‍ ശാസ്ത്രജ്ഞരും പണ്ഡിതരും നല്‍കിയ നിവേദനത്തില്‍ ഒപ്പിടാതിരിക്കാനുള്ള കാരണം ഇന്ത്യന്‍ പൗരന്മാര്‍ മാത്രമാകണം ഈ നിവേദനം നല്‍കേണ്ടത് എന്നതിനാലാണ്. ഇതൊക്കെയാണെങ്കിലും ഈ വിഷയത്തില്‍ പ്രതികരിക്കേണ്ടതുണ്ടെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അമേരിക്കന്‍, യു.കെ ഇരട്ട പൗരത്വമുള്ള വ്യക്തിയാണ് വെങ്കട്ടരാമന്‍ രാമകൃഷ്ണന്‍. ലണ്ടനിലെ പ്രശസ്തമായ റോയല്‍ സൊസൈറ്റി പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ ഇന്ത്യക്കാരനാണ് ഇദ്ദേഹം.