ന്യൂയോര്‍ക്ക്: സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ബര്‍ഗിനെ 2019 ​ലെ ടൈം മാഗസിന്‍ പേഴ്‌​സണ്‍ ഒഫ് ദ ഇയര്‍ ആയി തിരഞ്ഞെടുത്തു. ഈ പുരസ്​കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് 16കാരിയായ ഗ്രേറ്റ.

ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്‌​നത്തിനു നേരെ ഉയരുന്ന ഏറ്റവും വലിയ ശബ്ദമാണ് ഗ്രേറ്റ തുന്‍ബര്‍ഗിന്റേതെന്ന് പുരസ്​കാരം പ്രഖ്യാപിച്ചുകൊണ്ട് ടൈം മാഗസിന്‍ എഡിറ്റര്‍ എഡ്വാഡ് ഫെല്‍സന്‍താള്‍ ഇന്നലെ പറഞ്ഞു. യുവശക്തി – പവര്‍ ഓഫ് ദ് യൂത്ത് – എന്ന വാചകത്തോടെ ഗ്രേറ്റയുടെ ചിത്രവുമായി ടൈംസ് മാഗസിന്റെ പുതിയ ലക്കത്തിന്റെ കവര്‍ചിത്രവും പുറത്തുവന്നു. ആഗോളതാപനം അടക്കമുള്ള പാരിസ്ഥിതിക പ്രശ്‌​നങ്ങളില്‍ ലോക നേതാക്കള്‍ നടപടി സ്വീകരിക്കാന്‍ മടിക്കുന്നതിനെതിരെ യു.എന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ഗ്രേറ്റ തുന്‍ബര്‍ഗ് നടത്തിയ പ്രസംഗം ലോകശ്രദ്ധ നേടിയിരുന്നു. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും തടയാനായി രാജ്യാന്തരതലത്തില്‍ അവബോധത്തിനായി ഊന്നല്‍ നല്‍കി പ്രവര്‍ത്തിക്കുന്നയാളാണ് ഗ്രേറ്റ.