ന്യൂഡല്‍ഹി: പൗരത്വ ബില്‍ രാജ്യ സഭയില്‍ പാസ്സാക്കി. ശിവസേന വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ബില്‍ സെലക്‌ട് കമ്മിറ്റിക്ക് വിട്ടില്ല. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികളും വോട്ടിനിട്ട് തള്ളി. 125 പേര്‍ അനുകൂലിച്ചു. 105 പേര്‍ എതിര്‍ത്തു.

പൗരത്വ നിയമ ഭേദഗതി ബില്‍ രാജ്യസഭയില്‍ പാസാക്കിയതിന് പിന്നാലെ കടുത്ത പ്രതിഷേധമാണ് പ്രതിപക്ഷത്ത് നിന്ന് ഉയരുന്നത്. ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിക്കുമെന്ന് മുസീം ലീഗും കോണ്‍ഗ്രസും അറിയിച്ചു.

രാജ്യത്തിന്‍റെ ഭരണഘടനാ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി വിശേഷിപ്പിച്ചത്. ഇന്ത്യയുടെ ബഹുസ്വരതയ്ക്ക് എതിരായ വര്‍ഗ്ഗീയ ശക്തികളുടെ വിജയമാണ് രാജ്യസഭയില്‍ ഇന്ന് ഉണ്ടായതെന്നും ബില്‍ ഇന്ത്യയെ വിഭജിക്കുമെന്നും സോണിയാ ഗാന്ധി പറഞ്ഞു.

ബിഎസ്പിയും വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നിരുന്നു. നേരത്തെ ലോക്സഭയും ബില്‍ പാസാക്കിയിരുന്നു. ഇരുസഭകളും പാസാക്കിയ ബില്ലില്‍ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബില്‍ നിയമമായി മാറും. പുതിയ നിയമപ്രകാരം പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളില്‍ നിന്നും 2014 ഡിസംബര്‍ 31 വരെ ഇന്ത്യയില്‍ അഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യന്‍, ജൈന, ബുദ്ധ, സിഖ്, പാഴ്സി ന്യൂനപക്ഷമതവിഭാഗങ്ങളില്‍പ്പെട്ട അഭയാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ പൗരത്വം ലഭിക്കും.