ന്യൂഡല്‍ഹി: രോഗമില്ലാത്ത വ്യക്തിയെ ശസ്ത്രക്രിയ ചെയ്യാന്‍ ശ്രമിക്കുന്ന കുറ്റകൃത്യത്തിന് തുല്യമാണ് കേന്ദ്രസര്‍ക്കാര്‍ പാസാക്കാന്‍ ശ്രമിക്കുന്ന ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലെന്ന് നടന്‍ കമല്‍ഹാസന്‍. ദേശീയ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെയുളള പ്രതിപക്ഷ പ്രതിഷേധത്തില്‍ പങ്കാളിയായി പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

എന്തുകൊണ്ട് ശ്രീലങ്കയില്‍ നിന്നും ഇന്ത്യയിലേക്ക് കുടിയേറിയ തമിഴരെയും മുസ്ലീങ്ങളെയും ഈ ബില്ലിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കി എന്ന് കമല്‍ഹാസന്‍ ചോദിച്ചു. ഇത് തന്നെ അത്ഭുതപ്പെടുത്തുന്നതായും കമല്‍ഹാസന്‍ ട്വീറ്റ് ചെയ്തു.

‘വംശഹത്യയ്ക്ക് വിധേയരായ തമിഴരെയും വിവേചനം നേരിടുന്ന മുസ്ലീങ്ങളെയും ബില്ലില്‍ നിന്ന് ഒഴിവാക്കിയത് എന്തുകൊണ്ടാണ്?. ഇത് വോട്ട് ലക്ഷ്യമിട്ടുളളത് അല്ലാതെ, കരുണ പ്രതിഫലിക്കുന്ന ബില്ലാണെങ്കില്‍, എന്തിന് ശ്രീലങ്കയില്‍ നിന്നുളള തമിഴരെയും മുസ്ലീങ്ങളെയും ഉള്‍പ്പെടുത്തുന്നില്ല’- കമല്‍ഹാസന്‍ ചോദിക്കുന്നു.

ലോക്‌സഭയില്‍ പാസാക്കിയ ബില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയില്‍ അവതരിപ്പിച്ചു. ബില്ലിനെതിരെ സഭയില്‍ പ്രതിപക്ഷ പ്രതിഷേധം നിലനില്‍ക്കുകയാണ്. അതിനിടെയായിരുന്നു ബില്‍ അവതരണം. രാജ്യസഭയിലും ബില്‍ പാസാക്കിയെടുക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഭരണപക്ഷം. അതേസമയം പരമാവധി എംപിമാരെ കൂടെകൂട്ടി ബില്‍ പാസാക്കുന്നത് ഒഴിവാക്കാനുളള തീവ്രശ്രമത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.