കൊച്ചി: ( 11.12.2019) പുതുവര്‍ഷത്തിന് മുന്നോടിയായി കേരളത്തില്‍ വീണ്ടുമൊരു താര വിവാഹം കൂടി നടന്നിരിക്കുകയാണ്. ടിവി സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന നടീനടന്‍മാരായ എസ് പി ശ്രീകുമാറും സ്നേഹ ശ്രീകുമാറുമാണ് വിവാഹിതരായത്.
ബുധനാഴ്ച്ച രാവിലെ തൃപ്പൂണിത്തുറ ശ്രീ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ വെച്ച് ലളിതമായിട്ടായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും സിനിമ ടെലിവിഷന്‍ രംഗത്ത് നിന്നുള്ള ചിലരും വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. തലയില്‍ നിറയെ മുല്ല പൂവുകള്‍ ചൂടിയായിരുന്നു നടി എത്തിയത്. ഓറഞ്ചും മെറൂണും കൂടി കലര്‍ന്ന സിംപിള്‍ സാരിയായിരുന്നു സ്നേഹ ധരിച്ചത്.
സാരിയ്ക്ക് പ്രൗഡി കൂട്ടുന്ന തരം രണ്ട് മാലകളും അണിഞ്ഞിരുന്നു. മുണ്ടും ഷര്‍ട്ടുമായിരുന്നു ശ്രീകുമാറിന്റെ വേഷം. കടും നീല നിറത്തിലുള്ള സാരിയായിരുന്നു ശ്രീകുമാര്‍ വധുവിന് പുടവയായി നല്‍കിയത്. ഇരുവരുടെയും വിവാഹത്തിന്റെയും വിവാഹശേഷമുള്ളതുമായ നിരവധി ചിത്രങ്ങളാണ് പുറത്ത് വന്നത്. നിമിഷനേരം കൊണ്ടിത് വൈറലാവുകയും ചെയ്തു. താരദമ്ബതികള്‍ക്ക് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.

ലോലിതന്‍, മണ്ഡോദരി എന്നീ കഥാപാത്രങ്ങളുടെ പേരിലാണ് ഇരുവരും ശ്രദ്ധേയരാകുന്നത്. ഇവര്‍ വിവാഹിതരാവുകയാണെന്ന വാര്‍ത്തകള്‍ വളരെനാളുകളായി പ്രചരിച്ചിരുന്നു. നാടകനടന്‍ കൂടിയായ ശ്രീകുമാര്‍ ഇരുപത്തിയഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. മെമ്മറീസിലെ വില്ലന്‍ കഥാപാത്രത്തിലൂടെയാണ് സിനിമാപ്രേക്ഷകര്‍ക്ക് ശ്രീകുമാറിനെ കൂടുതല്‍ പരിചയം. കഥകളിയും ഓട്ടന്‍തുളളലും അഭ്യസിച്ചിട്ടുള്ള സ്നേഹ ടി വി പരിപാടികളില്‍ അവതാരകയുമാണ്.