ശ്രീഹരിക്കോട്ട: ചരിത്രം കുറിച്ച് അമ്പതാം പി.എസ്.എല്‍.വി വിക്ഷേപണം. ഇന്ത്യയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ റിസാറ്റ് -2 ബിആര്‍ 1 ആണ് അന്‍പതാം ദൗത്യത്തില്‍ ലക്ഷ്യത്തിലെത്തിക്കുന്നത്. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്പേസ് സെന്ററില്‍ നിന്നാണ് പി.എസ്.എല്‍.വി 48 കുതിച്ചുയര്‍ന്നത്. പി.എസ്.എല്‍.വിയുടെ പരിഷ്‌കരിച്ച പതിപ്പായ ക്യു എല്‍ റോക്കറ്റുപയോഗിച്ചാണ് വിക്ഷേപണം. വിക്ഷേപണം വിജയകരമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.
628 കിലോഗ്രാം ഭാരം വരുന്ന റഡാര്‍ ഇമേജിംഗ് നിരീക്ഷണ ഉപഗ്രഹമാണ് റിസാറ്റ് -2 ബിആര്‍ 1. ന്യൂസ്പേസ് ഇന്ത്യ ലിമിറ്റഡുമായി (എന്‍.എസ്.ഐ.എല്‍) ചേര്‍ന്ന് വാണിജ്യാടിസ്ഥാനത്തില്‍ യു.എസ്.എ, ഇസ്രായേല്‍, ഇറ്റലി, ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഒന്‍പത് വിദേശ ഉപഗ്രഹങ്ങളും വഹിച്ചുകൊണ്ടാണ് പി.എസ്.എല്‍.വി കുതിച്ചുയര്‍ന്നത്. ഉച്ചകഴിഞ്ഞ് 3.25 നാണ് പി.എസ്.എല്‍.വി-സി 48 കുതിച്ചുയര്‍ന്നത്.
അഞ്ചുവര്‍ഷം കാലാവധിയുള്ള റിസാറ്റ്-2 ബി.ആര്‍.-1. കൃഷി, ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ, വനനിരീക്ഷണം തുടങ്ങിയവയ്ക്ക് ഉപയോഗിക്കാവുന്നതാണിത്. ഭൗമോപരിതലത്തില്‍നിന്ന് 576 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹത്തെ എത്തിക്കും.