കൊച്ചി : നടിയെ ആക്രമിച്ച കേസിലെ മുഴുവന്‍ രേഖകളും ലഭിക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ വിചാരണ കോടതി ഇന്ന് വിധി പറയും. മറ്റ് പ്രതികളുടെ ജാമ്യാപേക്ഷയിലും ഇന്ന് വിധി പറഞ്ഞേക്കും

കേസിലെ മുഴുവന്‍ രേഖകളും നല്‍കാതെ നീതിപൂര്‍വ്വമായ വിചാരണ സാധ്യമല്ലെന്ന് ചൂണ്ടികാട്ടിയാണ് ദിലീപ് അപേക്ഷ നല്‍കിയിട്ടുള്ളത്. 32 രേഖകള്‍ ഇനിയും നല്‍കാനുണ്ടെന്നാണ് ദിലീപിന്റെ വാദം.

എന്നാല്‍ നല്‍കാന്‍ കഴിയുന്ന എല്ലാ രേഖകളും നല്‍കി കഴിഞ്ഞെന്നും സാധ്യമായ മുഴവന്‍ രേഖകളും നല്‍കാമെന്നുമാണ് പ്രോസിക്യൂഷന്‍ നിലപാട്.

കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോള്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ ഒന്‍പതാം പ്രതിയുടെ ജാമ്യക്കാരെ കോടതി വിളിച്ചുവരുത്തിയിരുന്നു. പ്രതിയായ സനല്‍ കുമാറിനെ ഇന്ന്ഹാജരാക്കാന്‍ കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സുപ്രിം കോടതി അനുമതി ലഭിച്ചതോടെ വിചാരണ കോടതിയില്‍ അതിനുള്ള അപേക്ഷ ദിലീപ് സമര്‍പ്പിച്ചിരുന്നു. പരിശോധനക്കായി വിദഗ്ധനെ കണ്ടെത്താന്‍ ശ്രമിക്കുകയാണെന്നും കേരളത്തിന് പുറത്ത് നിന്നുള്ളവരെയാണ് പരിഗണിക്കുന്നതെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു.