മതപരമായ വിവേചനത്തിനും ഭിന്നിപ്പിനും വഴിയൊരുക്കുന്ന പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ രാജ്യമാകെ പ്രതിഷേധം അലയടിക്കുന്നു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്. കനത്ത പ്രതിഷേധങ്ങള്‍ക്കിടെ പൗരത്വ ഭേദഗതി ബില്‍ രാജ്യസഭ ബുധനാഴ്ച പരിഗണിക്കും. ലോക്സഭയിലേതുപോലെ മൃഗീയ ഭൂരിപക്ഷമില്ലെങ്കിലും ബില്‍ പാസാക്കാനാവശ്യമായ അംഗസംഖ്യ രാജ്യസഭയിലും ഭരണകക്ഷിക്കുണ്ട്. ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ച ശിവസേന രാജ്യസഭയില്‍ എതിര്‍ത്ത് വോട്ടുചെയ്യുമെന്ന് വ്യക്തമാക്കിയത് സര്‍ക്കാരിന് ക്ഷീണമായി. ശിവസേനയ്ക്ക് മൂന്നംഗങ്ങളുണ്ട്.
നിലവില്‍ രാജ്യസഭയില്‍ 240 അംഗങ്ങളാണുള്ളത്. 124 പേരുടെ പിന്തുണ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. അംഗങ്ങള്‍ ഉന്നയിച്ച പല ചോദ്യത്തിനും മറുപടി ലഭിക്കാതെ രാജ്യസഭയില്‍ പിന്തുണയ്ക്കില്ലെന്ന് ഉദ്ധവ്- താക്കറെയുടെ ഓഫീസ് വ്യക്തമാക്കി. ലോക്സഭയില്‍ ബില്ലിനെ പിന്തുണച്ചതിനെതിരെ എന്‍സിപിയും കോണ്‍ഗ്രസും രംഗത്തുവന്നതോടെയാണ് ശിവസേനയുടെ നിലപാടുമാറ്റം.
അസമില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ബന്ദായിരുന്നു. അരുണാചല്‍പ്രദേശ്, മിസോറം, മണിപ്പുര്‍ എന്നിവിടങ്ങളിലും ബന്ദ് പൂര്‍ണമായി. അവസരം മുതലെടുക്കാന്‍ തീവ്രവാദസംഘടനകളും ശ്രമിക്കുന്നു. പാര്‍ലമെന്റ് വളപ്പില്‍ ഗാന്ധി പ്രതിമയ്ക്കുമുന്നില്‍ രാവിലെ ഇടത് എംപിമാര്‍ ധര്‍ണ നടത്തി. സിപിഐ എം ഡല്‍ഹി സംസ്ഥാനകമ്മിറ്റി ജന്തര്‍ മന്ദറില്‍ സംഘടിപ്പിച്ച പ്രതിഷേധം പൊളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനംചെയ്തു.
വൈകിട്ട് വിവിധ സംഘടനകള്‍ ജന്തര്‍ മന്ദറില്‍ ബില്ലിന്റെ പകര്‍പ്പ് കത്തിച്ചു. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍നിന്നുള്ള സംഘടനകള്‍ ഡല്‍ഹിയില്‍ പ്രതിഷേധം ഉയര്‍ത്തി. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും പ്രതിഷേധം ഉയര്‍ന്നു.
നിയമ ഭേദഗതിയിലെ വ്യവസ്ഥകള്‍ ഏറ്റവുമധികം ബാധിക്കുന്ന അസമില്‍ ജനജീവിതം പൂര്‍ണമായി സ്തംഭിച്ചു. രണ്ട് ദിവസമായി ഗതാഗതം നിലച്ചു.റോഡുകളില്‍ തീയിട്ടും മറ്റും ദേശീയപാത ഉള്‍പ്പെടെ റോഡുകളില്‍ ഗതാഗതം തടസ്സപ്പെടുത്തി. വിവിധ നഗരങ്ങളില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ പതിനായിരങ്ങള്‍ പങ്കെടുത്ത റാലികള്‍ നടന്നു. നോര്‍ത്ത് ഈസ്റ്റ് സ്റ്റുഡന്റ്സ് ഓര്ഗനൈസേഷന് (എന്‍ഇഎസ്ഒ) ആഹ്വാനപ്രകാരമാണ് ചൊവ്വാഴ്ച ബന്ദാചരിച്ചത്.
ഓള് അസം സ്റ്റുഡന്റ്സ് യൂണിയന് അടക്കം 16 സംഘടന 12 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ചിരുന്നു. മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാളിനെ രണ്ടിടത്ത് കരിങ്കൊടി കാണിച്ചു. ഗുഹാവത്തി, തേസ്പുര്‍, കോട്ടണ്‍ സര്‍വകലാശാലകളില്‍ വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. ബില്‍ അസമിന്റെ തനിമ നഷ്ടപ്പെടുത്തുമെന്നും അസ്ഥിരത സൃഷ്ടിക്കുമെന്നും പ്രക്ഷോഭകര്‍ ആരോപിച്ചു.