ന്യൂഡല്‍ഹി: ഇന്ത്യയെ മതത്തിെന്റ അടിസ്ഥാനത്തില്‍ വിഭജിച്ചത് കോണ്‍ഗ്രസാണെന്ന കേന്ദ്ര അഭ്യന്തരമന്ത്രി അമിത് ഷായുടെ ലോക്സഭയിലെ പ്രസ്താവനയെ പരിഹസിച്ച് കോണ്‍ഗ്രസ് എം.പി ശശി തരൂര്‍. മതത്തിെന്റ പേരില്‍ ഇന്ത്യയെ വിഭജനത്തിന് കാരണം കോണ്‍ഗ്രസാണെന്ന അമിത്ഷായുടെ പ്രതികരണം ചരിത്രം പഠിക്കാത്തതിനാലാണ്. അമിത് ഷാ ചരിത്ര ക്ലാസുകള്‍ ശ്രദ്ധിച്ചിട്ടില്ലെന്ന് കരുതുന്നുവെന്ന് ശശി തരൂര്‍ പറഞ്ഞു.
സ്വാതന്ത്ര്യസമര കാലഘട്ടം മുതല്‍ കോണ്‍ഗ്രസ് പ്രതിനിധാനം ചെയ്തതും പ്രവര്‍ത്തിച്ചതും രാജ്യത്തെ എല്ലാ മതവിഭാഗങ്ങള്‍ക്കും വേണ്ടിയാണ്. ഹിന്ദു മഹാസഭയാണ് രാഷ്ട്രവിഭജനത്തിന് വഴിയൊരുക്കിയവരില്‍ പ്രധാനകക്ഷി. 1935ല്‍ രാജ്യത്തെ ഹിന്ദുക്കള്‍ക്കും മുസ്ലിംകള്ക്കുമായി വിഭജിക്കുന്നതിന് മുന്നില്‍ നിന്നത് ഹിന്ദുമഹാസഭയാണ്. അതിനെ എതിര്‍ത്ത ഏക പാര്‍ട്ടി കോണ്‍ഗ്രസ് ആണെന്നും ശശി തരൂര്‍ പറഞ്ഞു.
ബി.ജെ.പിയുടെ ഹിന്ദി, ഹിന്ദുത്വ, ഹിന്ദുസ്താന്‍ എന്നിവയെ പ്രതിരോധിക്കുന്നത് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളാണ്. ഹിന്ദി ദേശീയ ഭാഷയായില്‍ കൊണ്ടുവന്നപ്പോള്‍ അതിനെ എതിര്‍ത്ത തെക്കന്‍ സംസ്ഥാനങ്ങള്‍ ഹിന്ദുത്വ അജണ്ടയെയും തള്ളികളഞ്ഞുവെന്നും ശശി തരൂര്‍ ചൂണ്ടിക്കാട്ടി.
ലോക്സഭയില്പൗരത്വ ഭേദഗതി ബില്ലിനെതിരായകോണ്‍ഗ്രസ് പ്രതിഷേധത്തിനിടയിലാണ് അമിത് ഷാ വിവാദ പ്രസ്താവന നടത്തിയത്. ”ഈ ബില്‍ എന്തുകൊണ്ട് ആവശ്യമാണെന്ന് ഞാന്‍ പറയാം. കോണ്‍ഗ്രസ് ഈ രാജ്യത്തെ മതത്തിെന്റ അടിസ്ഥാനത്തില്‍ വിഭജിച്ചതുകൊണ്ടാണ് ഇത് ആവശ്യമായി വന്നത്. ആരാണ് ചെയ്തത്.? കോണ്‍ഗ്രസാണ് മതത്തിെന്റ അടിസ്ഥാനത്തില്‍ ഈ രാജ്യത്തെ വിഭജിച്ചത്. ഇതാണ് ചരിത്രം. ” -എന്നായിരുന്നു അമിത് ഷായുടെ പ്രസ്താവന.