കോഴിക്കോട്: എറ്റവും പെട്ടന്ന് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കാന്‍ രാജ്യത്ത് അതിവേഗ കോടതികള്‍ ശക്തമാക്കണമെന്ന് വനിതാകമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍. 1023 അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ കേന്ദ്ര ഗവണ്‍മെന്റ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിലുള്ള 59 കോടതികളാണ് കേരളത്തിനായി അനുവദിച്ചത്. ഇതില്‍ 28 എണ്ണത്തിനാണ് അംഗീകാരം ലഭിച്ചത്. ഇതിലേറെയും പോക്‌സോ കോടതികളാണ്. കേരളത്തില്‍ അതിവേഗ കോടതികള്‍ ആരംഭിക്കാനുള്ള നടപടി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ചു കഴിഞ്ഞു. വനിതാ കമ്മീഷന്‍ സംസ്ഥാന സെമിനാറിന്റെ ഉദ്ഘാടനവും വിഷയാവതരണവും കക്കോടി എരക്കുളം റൂബി ഓഡിറ്റോറിയത്തില്‍ നിര്‍വഹിക്കുകയായിരുന്നു അവര്‍.
പതിനഞ്ചോളം സംസ്ഥാനങ്ങളില്‍ ഇനിയും അതിവേഗ കോടതികള്‍ ആരംഭിക്കാനുള്ള നടപടികള്‍ ആയിട്ടില്ല. സ്ത്രീകള്‍ കൂടിയിരിക്കുമ്ബോള്‍ സംസാരിക്കേണ്ടത് രാജ്യത്തെ നിയമത്തിന്റെ ബലഹീനതകളെക്കുറിച്ചായിരിക്കണം. കുടുംബശ്രീ യോഗങ്ങള്‍ വരവ് ചെലവ് കണക്കുകള്‍ പരിശോധിക്കാനുള്ള ഇടമായി മാറരുതെന്നും സ്ത്രീശാക്തീകരണത്തിനുതകുന്ന ശക്തമായ ചിന്തകള്‍ ഉയര്‍ന്നു വരണമെന്നും അവര്‍ പറഞ്ഞു. മൊബൈല്‍ ഫോണുകളിലൂടെ ഭാഷകൊണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്യുന്ന സമൂഹമാണ് ഇന്നുള്ളത്. മോശപ്പെട്ട ഭാഷയിലൂടെ ശക്തരായ സ്ത്രീകളെപ്പോലും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. പ്രായമായ മാതാപിതാക്കളെ അമ്ബലനടകളില്‍ തള്ളുന്ന പ്രവണത വര്‍ദ്ധിക്കുകയാണ്. ഈ അവസ്ഥക്കും മാറ്റമുണ്ടാവേണ്ടതുണ്ട്.
പരാതിയുമായി കമ്മീഷനെ സമീപിക്കുന്ന വയോജനങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. കൊടിയുടെയും ജാതിയുടെയും നിറം നോക്കി പ്രശനങ്ങളെ സമീപിക്കുന്ന രീതിയല്ല കമ്മീഷന്‍ സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു. കേരളത്തിലെ സ്ത്രീകള്‍ ഒരുദിവസം അടുക്കള ബഹിഷ്‌കരിച്ചാല്‍ എന്ത് സംഭവിക്കുമെന്ന അധ്യക്ഷതയുടെ ചോദ്യം നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സ് ഏറ്റെടുത്തത്. ചോദ്യം സരസ്സമാണെങ്കിലും പ്രത്യാഘാതം എന്തായിരിക്കുമെന്ന് എല്ലാവരും ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു.
കമ്മീഷന്‍ അംഗം എം.എസ് താര സ്ത്രീപക്ഷ നിയമവും പോക്‌സോ നിയമവും എന്ന വിഷയത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകള്‍ ഇല്ലാതെ മനുഷ്യരായി സമാധാനത്തോടെ ജീവിക്കാനുള്ള സാഹചര്യമാണ് രാജ്യത്ത് ഉണ്ടാവേണ്ടതെന്ന് അവര്‍ പറഞ്ഞു. നമുക്ക് അവകാശങ്ങള്‍ നേടിത്തന്ന പഴയ തലമുറയോട് നീതി പുലര്‍ത്തേണ്ടത് പുതു തലമുറക്ക് ആ അവകാശങ്ങള്‍ കൈമാറിക്കൊണ്ടാവണം.