അയോധ്യാവിഷയത്തില്‍ സുപ്രീംകോടതിയുടെ വിധിയുണ്ടായെങ്കിലും ന്യായം നടപ്പായിട്ടില്ലെന്ന നിലപാടാണ് പാര്‍ട്ടിക്കുളളതെന്ന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ശബരിമല വിധി എന്തായാലും നടപ്പാക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് കഴിയൂ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും സ്വീകരിച്ചത് വൈരുദ്ധ്യനിലപാടുകളാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

അയോധ്യവിഷയത്തില്‍ സ്വത്ത് തര്‍ക്കത്തെ വിശ്വാസ തര്‍ക്കമായാണ് സുപ്രീംകോടതി കണ്ടതെന്ന് സീതാറാം യെച്ചൂരി ചൂണ്ടിക്കാട്ടി. തര്‍ക്കഭൂമി നല്‍കിയത് യഥാര്‍ത്ഥ അവകാശികള്‍ക്കല്ലെന്ന് ചരിത്രപരമായി പരിശോധിച്ചാല്‍ പോലും മനസ്സിലാകും. ബാബറി മസ്ജിദ് തകര്‍ത്തതില്‍ ക്രിമിനല്‍ ഗൂഢാലോചനയുണ്ടെന്ന് പറഞ്ഞ സുപ്രീംകോടതി നിയമവിരുദ്ധര്‍ക്ക് തന്നെ തര്‍ക്കഭൂമി നല്‍കിയതിനാലാണ് വിധിയെ സ്വാഗതം ചെയ്യാത്തതെന്നും യെച്ചൂരി പറഞ്ഞു.

അയോധ്യ, ശബരിമല വിധികളും ഭരണഘടനയും എന്ന വിഷയത്തില്‍ തൃപ്പൂണിത്തുറയില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമല വിധി എന്തായാലും നടപ്പാക്കാന്‍ മാത്രമേ സംസ്ഥാന സര്‍ക്കാരിന് കഴിയൂ. ഇക്കാര്യത്തില്‍ കോണ്‍ഗ്രസും ബിജെപിയും സ്വീകരിച്ചത് വൈരുദ്ധ്യനിലപാടുകളാണെന്നും യെച്ചൂരി ചൂണ്ടിക്കാട്ടി.

രാജ്യത്തിന്റെ പരമോന്നത നീതിപീഠങ്ങളെ പോലും സമ്മര്‍ദ്ദത്തിലാക്കി അനുകൂല വിധി നേടിയെടുക്കുന്ന ആര്‍എസ്‌എസ് നയങ്ങളെ തുറന്നുകാട്ടിയായിരുന്നു യെച്ചൂരിയുടെ വിമര്‍ശനം.